ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശവുമായി ശുബ്മാന്‍ ഗില്‍; ലക്ഷ്യമിടുന്നത് കൊഹ്ലിയും രോഹിത്തും പോയതിലെ വിടവ് നികത്തല്‍

Monday 05 January 2026 8:48 PM IST

മുംബയ്: ഫൈനലിലെത്തുമെന്ന് ഉറപ്പിച്ചിരുന്ന ഘട്ടത്തില്‍ നാട്ടില്‍ ഉള്‍പ്പെടെ അപ്രതീക്ഷിത തോല്‍വികള്‍ വഴങ്ങി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്തായി. വിദേശത്തും നാട്ടിലും നാണക്കേടിന്റെ തുടര്‍ക്കഥ. സൂപ്പര്‍താരങ്ങളായ വിരാട് കൊഹ്ലിയുടേയും രോഹിത് ശര്‍മ്മയുടേയും വിരമിക്കല്‍. 2025ല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് നിലയില്ലാ കയത്തിലേക്കാണ് കൂപ്പുകുത്തിയത്. ആകെ ആശ്വാസം പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമായ ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ സമനിലയില്‍ തളച്ചത് മാത്രം.

തലമാറി രോഹിത്തിന് പകരം ശുബ്മാന്‍ ഗില്‍ ടെസ്റ്റിലെ നായകസ്ഥാനം ഏറ്റെടുത്തിട്ടും കാര്യങ്ങള്‍ക്ക് വലിയ മാറ്റമില്ല. ന്യൂസിലാന്‍ഡിന് പിന്നാലെ ദക്ഷിണാഫ്രിക്കയും നാട്ടില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മിന്നും നേട്ടങ്ങള്‍ കൈവരിക്കുമ്പോഴും പരമ്പരാഗത ഫോര്‍മാറ്റിലെ തകര്‍ച്ച ഒരുവേള പരിശീലകസ്ഥാനത്ത് നിന്ന് ഗൗതം ഗംഭീറിന്റെ കസേര തെറിക്കുന്നതിലേക്ക് വരെ എത്തിയിരുന്നു.

ഇപ്പോഴിതാ ടെസ്റ്റ് ക്രിക്കറ്റിലെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ബിസിസിഐക്ക് മുന്നില്‍ നിര്‍ദേശം അവതരിപ്പിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍. ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി ടീമംഗങ്ങള്‍ക്ക് 15 ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കണമെന്നാണ് ഗില്ലിന്റെ നിര്‍ദേശം. ടെസ്റ്റ് പരമ്പരയിലേക്ക് കടക്കുന്നതിന് മുന്‍പ് ടീമിന് മികച്ച തയ്യാറെടുപ്പ് ആവശ്യമാണെന്ന് ഗില്‍ വ്യക്തമാക്കി. 2025ലെ ഷെഡ്യൂളില്‍ ഒരു പ്രശ്‌നമുണ്ടായിരുന്നു.

അതിനാല്‍ ടീമിന് തയ്യാറെടുക്കാന്‍ ആവശ്യമായ സമയമില്ലായിരുന്നു. ഒരു ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് 15 ദിവസത്തെ റെഡ്-ബോള്‍ ക്യാംപുകള്‍ ഉണ്ടെങ്കില്‍ അത് അനുയോജ്യമാണെന്ന് ഗില്‍ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്തു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗില്‍ ഇപ്പോള്‍ മികച്ച നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. സെലക്ടര്‍മാര്‍ക്കും ബിസിസിഐക്കും മുന്നില്‍ കൂടുതല്‍ വ്യക്തതയോടെ അദ്ദേഹം തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയെന്ന രീതിയിലാണ് ബിസിസിഐ കാണുന്നത്.