യുവതിയെ ലഹരിഭക്ഷണം നൽകി പീഡിപ്പിച്ചു; ഗോവയിലെ കരാറുകാരൻ അറസ്റ്റിൽ

Tuesday 06 January 2026 12:25 AM IST

കൊച്ചി: പൊതുപ്രവർത്തകയായ യുവതിയെ ലഹരി കലർന്ന ഭക്ഷണം നൽകി പീഡിപ്പിച്ചെന്ന കേസിൽ ഗോവയിലെ കരാറുകാരനായ മലയാളി അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് നങ്ങ്യാർകുളങ്ങര മംഗലത്ത് വീട്ടിൽ ജയകുമാർ രാഘവനെയാണ് (54) പാലാരിവട്ടം പൊലീസ്

അറസ്റ്റ് ചെയ്തത്.

ആന്ധ്രപ്രദേശിൽ സാമൂഹികപ്രവ‌ർത്തകയും മലയാളിയുമായ യുവതിയാണ് പീഡനത്തിന് ഇരയായത്. പ്രതിയും യുവതിയും ഒരേ സംഘടനയിൽ പ്രവർത്തിക്കുന്നവരാണ്. കഴിഞ്ഞ ഏപ്രിലിൽ കൊച്ചിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ലഹരി കലർത്തിയ ഭക്ഷണം നൽകിയ ശേഷം പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. കരീലക്കുളങ്ങരയിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന മറ്റൊരു പരാതിയിൽ കരീലക്കുളങ്ങര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നിലവിൽ ജാമ്യത്തിൽ കഴിയുകയായിരുന്നു ഇയാൾ.

ഗോവയിൽ പി.ഡബ്‌ള്യു.ഡി കരാറുകാരനായ ജയകുമാറിനെ അറസ്റ്റ് ചെയ്യാൻ കൊച്ചി സിറ്റി പൊലീസ് സംഘം പലതവണ ഗോവയിൽ എത്തിയെങ്കിലും കിട്ടിയിരുന്നില്ല. കഴിഞ്ഞദിവസം നാട്ടിലെത്തിയതറിഞ്ഞ് കാഞ്ഞൂരിലെ ഭാര്യാവീട്ടിൽനിന്ന്‌ ഞായർ അർദ്ധരാത്രിയോടെയാണ്‌ കസ്റ്റഡിയിലെടുത്തത്. കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.