പ്രസവ റൂമിൽ പിങ്ക് ഡ്രസ്, തുടക്കം എസ്.എ.ടി ആശുപത്രിയിൽ

Tuesday 06 January 2026 12:00 AM IST
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ലേബർ റൂമിൽ ഏർപ്പെടുത്തിയ പുതിയ ഡ്രസ് കോഡ്.

തിരുവനന്തപുരം : വെള്ള കോറമുണ്ടും ബനിയനും ധരിച്ച് സർക്കാർ ആശുപത്രികളിലെ ലേബർ റൂമുകളിൽ ഗർഭിണികളെത്തുന്ന കാലം ഇല്ലാതാകുന്നു. സ്വകാര്യ ആശുപത്രികൾക്ക് സമാനമായി പിങ്ക് നിറത്തിലുള്ള ഡ്രസ് കോഡ് നടപ്പിലാക്കുന്നു. അനായാസം ധരിക്കാൻ സാധിക്കുന്ന ജാക്കറ്റും റാപ്പറുമാണിത്. ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എസ്.എ.ടി ആശുപത്രിയിൽ നടപ്പിലാക്കി. നിലവിലുള്ള മുണ്ടും ബനിയനും ആധുനികകാലത്തിന് ചേർന്നതല്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ഡ്രസ് കോഡ് പരിഷ്കരിക്കണമെന്ന മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ആശുപത്രിയിലെ കൗണ്ടറിലും സമീപത്തെ ഇൻഹൗസ് ഡ്രഗ് ബാങ്കിലുമുൾപ്പെടെ പുതിയ ഡ്രസ് ലഭ്യമാകും. വിപണിയിൽ 690 രൂപ വിലയുള്ള ജാക്കറ്റും റാപ്പറും 299രൂപയ്ക്കാണ് എസ്.എ.ടിയിൽ ലഭിക്കുന്നത്. മറ്റ് സർക്കാർ ആശുപത്രികളിലും പുതിയ വേഷം ഉടൻ നിലവിൽ വരും.

പ്രസവത്തിനെത്തുവർക്ക് സുഖപ്രദവും മനസിന് ഇണങ്ങിയതുമായ വേഷമാണിത്.

-വീണാ ജോർജ്

ആരോഗ്യമന്ത്രി