കൊടുവള്ളിയിൽ മന്തി കടയ്ക്ക് തീപിടിച്ചു; 30 ലക്ഷത്തിന്റെ നാശനഷ്ടം

Tuesday 06 January 2026 12:52 AM IST
കൊടുവള്ളി പാലക്കുറ്റിയിൽ പ്രവർത്തിക്കുന്ന 'അൽ റെയ്ദാൻ' മന്തി കടയിലുണ്ടായ തീപിടിത്തം

​കൊടുവള്ളി: ദേശീയപാത 766-ൽ പാലക്കുറ്റിയിൽ പ്രവർത്തിക്കുന്ന 'അൽ റെയ്ദാൻ' മന്തി കടയിലുണ്ടായ വൻ തീപിടിത്തത്തിൽ ഹോട്ടൽ പൂർണമായും കത്തിനശിച്ചു. ഇന്നലെ രാവിലെ 10:30-ഓടെയാണ് സംഭവം. ഏകദേശം 30 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ. അൽഫാം അടുപ്പിന്റെ പുകക്കുഴലിലെ എക്‌സ്‌ഹോസ്റ്റ് ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. പാചകപ്പുരയിൽ ജോലിയിലുണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം തീ കണ്ടത്. ഇവർ തീയണക്കാൻ ശ്രമിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ ആളിപ്പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകളും ഭക്ഷ്യ എണ്ണകളും ഉൾപ്പെടെയുള്ളവ ഉള്ളിലുണ്ടായിരുന്നത് വലിയ ആശങ്കയ്ക്കിടയാക്കി. തൊഴിലാളികളും നാട്ടുകാരും തീയണക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ആളിപ്പടർന്നതോടെ ശ്രമങ്ങൾ വിഫലമായി. പാലക്കുറ്റി എ.കെ. റസാക്കിന്റെ കെട്ടിടത്തിൽ മലപ്പുറം കാവനൂർ സ്വദേശിയായ ഖാലിദിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഫർണിച്ചറുകൾ, ഭക്ഷ്യവസ്തുക്കൾ, മറ്റ് ഉപകരണങ്ങൾ എന്നിവ പൂർണമായും നശിച്ചു. കൂടാതെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയും പ്രധാന രേഖകളും അഗ്നിക്കിരയായി. നാട്ടുകാരും നരിക്കുനിയിൽ നിന്നെത്തിയ അഗ്നിശമന സേനയും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. കൊടുവള്ളി പൊലീസും സ്ഥലത്തെത്തിയിരുന്നു. കടയിലുണ്ടായിരുന്ന നാല് തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ കടകളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ദേശീയപാതയിൽ ഗതാഗത തടസവും അനുഭവപ്പെട്ടു. പി.ടി.എ റഹീം എം.എൽ.എ , നഗരസഭ ചെയർമാൻ സഫീറ ഷമീർ എന്നിവർ സ്ഥലം സന്ദർശിച്ചു.