കുതിച്ചുയർന്ന് സ്വർണ വില

Tuesday 06 January 2026 12:54 AM IST

പവൻ വില വീണ്ടും ഒരു ലക്ഷം കടന്നു

പവൻ@1,01,360 രൂപ

കൊച്ചി: ആഗോള ഭൗമ രാഷ്‌ട്രീയം കലുഷിതമായതോടെ സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നു. ഇന്നലെ സ്വർണ വില മൂന്ന് തവണയായി പവൻ വില 1,760 രൂപ വർദ്ധിച്ച് 1,01.360 രൂപയിലെത്തി. വ്യാപാരത്തിന്റെ തുടക്കത്തിൽ പവന് 1,160 രൂപയും ഉച്ചയ്ക്ക് 320 രൂപയും വൈകിട്ട് 280 രൂപയുമാണ് കൂടിയത്. വെനസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശത്തിന് ശേഷം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറി. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും ഇതോടെ വൻതോതിൽ സ്വർണം വാങ്ങികൂട്ടി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 100 ഡോളർ ഉയർന്ന് 4,430 ഡോളർ വരെ എത്തിയിരുന്നു.

അടുത്ത ഘട്ടത്തിൽ ഗ്രീൻലാൻഡ്, ക്യൂബ, മെക്‌സികോ, കൊളംമ്പിയ എന്നിവയെയും ആക്രമിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമാക്കുന്നത്.

അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമായതാണ് ഇന്ത്യയിൽ സ്വർണം, വെള്ളി വില വർദ്ധനയുടെ തോത് ഉയർത്തിയത്.