മുൻഷി ഹരീന്ദ്രകുമാർ അന്തരിച്ചു
തിരുവനന്തപുരം: മുൻഷിയെന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ പരമ്പരയിലൂടെ പ്രശസ്തനായ എൻ.എസ്.ഹരീന്ദ്രകുമാർ( മുൻഷി ഹരി, 52) അന്തരിച്ചു. തിരുമല ഇലിപ്പോട് സൗഹൃദ റസിഡന്റ്സ് അസോസിയേഷൻ 195-ാം നമ്പർ വീട്ടിലായിരുന്നു താമസം.
ഞായറാഴ്ച രാത്രി 12ഓടെയാണ് അന്ത്യം.
ചേർത്തല ജയനുമൊത്ത് മലപ്പുറത്തെ പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. ബസ്സിറങ്ങി വീട്ടിലേക്ക് നടക്കവെ റോഡിൽ കുഴഞ്ഞുവീണു. ഇതു കണ്ട യുവാക്കൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ വൈകിട്ട് നാലോടെ ശാന്തി കവാടത്തിൽ സംസ്കാരിച്ചു. അവിവാഹിതനാണ്. അച്ഛൻ ബാലകൃഷ്ണൻ നായർ,അമ്മ രുഗ്മിണി. സഹോദരങ്ങൾ: പി.ജയദരൻ, പി.ഗോപകുമാർ, പി.ജ്യോതിഷ്കുമാർ,ആർ.രമാദേവി. സഞ്ജയനം ബുധനാഴ്ച രാവിലെ 8ന് സ്വവസതിയിൽ.
തലമുണ്ഡം ചെയ്ത് കോഴിയെയും പിടിച്ചുനിൽക്കുന്ന ഹാസ്യ കഥാപാത്രത്തെയാണ് ഹരീന്ദ്രകുമാർ മുൻഷിയിലൂടെ അവതരിപ്പിച്ചിരുന്നത്. 18 വർഷം തുടർച്ചയായി അവതരിപ്പിച്ചതിന് ഗിന്നസ് ബുക്കിലും ഇടംനേടി. നാടക,സിനിമരംഗത്തും ഇദ്ദേഹം നിറസാന്നദ്ധ്യമായിരുന്നു.