കാരക്കാട് കേരള ബാങ്ക് ശാഖയിൽ കവർച്ചാ ശ്രമം; സുരക്ഷാ സംവിധാനങ്ങൾ ഇല്ലെന്ന് പരാതി
ചെങ്ങന്നൂർ: കാരയ്ക്കാട് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന കേരള ബാങ്ക് ശാഖയിൽ കവർച്ചാ ശ്രമം. ബാങ്കിന്റെ പ്രധാന വാതിൽ പൊളിച്ചുകയറിയ മോഷ്ടാക്കൾ അകത്ത് കയറി ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ഇന്നലെ രാത്രിയിലാണ് മോഷണശ്രമം നടന്നതെന്നാണ് പ്രാഥമീക നിഗമനം. പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. രാവിലെ ബാങ്ക് തുറക്കാൻ എത്തിയ ജീവനക്കാരനാണ് കവർച്ചാ ശ്രമം കണ്ടെത്തിയത്. തുടർന്ന് ബാങ്ക് മാനേജരെയും പൊലീസിനെയും വിവരം അറിയിച്ചു. ചെങ്ങന്നൂർ സി.ഐ വിപിൻ എ.സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗദ്ധരും ഡോഗ് സ്കോഡും പരിശോധന നടത്തി. ബാങ്കിൽ സി.സി.ടി.വി ക്യാമറകൾ ഇല്ലാത്തതും മോഷണം നടന്ന ദിവസം സെക്യൂരിറ്റി ജീവനക്കാരൻ ഡ്യൂട്ടിയിൽ ഇല്ലായിരുന്നതും അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സമീപത്തെ വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സമീപത്തെ രണ്ട് വീടുകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ സംശയാസ്പദനായ ഒരാളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ ഒരാൾ ബാങ്കിന് സമീപത്തെ വീട്ടിന്റെ ഗേറ്റ് തുറക്കാൻ ശ്രമിച്ചതായും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ആളാണ് മോഷണശ്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. കോടികളുടെ ഇടപാട് നടക്കുന്ന ബാങ്കിൽ സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ആരോപിച്ച് നാട്ടുകാരും ബാങ്ക് അധികൃതർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.