കരടിലും 'കരട് ' 2,06,061 പേർ നോൺമാപ്പിംഗ് പട്ടികയിൽ
കൊച്ചി: ജില്ലയിൽ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരിൽ 2,06,061 പേർ നോൺമാപ്പിംഗ് വിഭാഗത്തിൽ. ഹിയറിംഗിൽ ആവശ്യമായ രേഖകൾ സമർപ്പിച്ച് ഹാജരായാലേ ഇവരുടെ പേര് അന്തിമ വോട്ടർ പട്ടികയിൽ നിലനിൽക്കൂ. ഇന്ന് മുതൽ 28 വരെയാണ് ഹിയറിംഗ്. ഇതുവരെ 4642 പേർക്ക് നോട്ടീസ് കൈമാറി. 1,86,682 പേർക്കുള്ള നോട്ടീസ് തയ്യാറായിട്ടുണ്ട്. 52,216 പേരുടെ രേഖകൾ ബി.എൽ.ഒമാർ പരിശോധിച്ച് പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലവിലെ നിർദ്ദേശപ്രകാരം അവരും ഹിയറിംഗിൽ ഹാജരാകണം.
പേരുകൾ പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ വോട്ടർ പട്ടിക, മാതാപിതാക്കളുടെ വിവരങ്ങൾ തുടങ്ങിയവയുമായി മാച്ച് ചെയ്യാൻ കഴിയാത്തതാണ് നോൺ മാപ്പിംഗ് വിഭാഗത്തിൽപ്പെടാൻ കാരണം. സംസ്ഥാനത്താകെ ഏകദേശം 19,32,000 പേർ സാങ്കേതിക കാരണങ്ങളാൽ നോൺമാപ്പിംഗ് വിഭാഗത്തിലാണ്. ജില്ലയിൽ തൃപ്പൂണിത്തുറയിലാണ് കൂടുതൽ പേർ നോൺമാപ്പിംഗിൽ ഉൾപ്പെട്ടിട്ടുള്ളത്, 33,264 പേർ. തൊട്ടുപിന്നിൽ എറണാകുളം - 26,544. ഉദയംപേരൂരാണ് പട്ടികയിൽ മൂന്നാമത് - 24,650 പേർ. പെരുമ്പാവൂരിലാണ് കുറവ്. ഇവിടെ 8,642 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്.
ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കും
നോൺ മാപ്പിംഗിൽപ്പെട്ടവരുടെ ആശങ്ക പരിഹരിക്കാനും ഇവർക്ക് സഹായം ഉറപ്പാക്കാനും സർക്കാർ രംഗത്തുവന്നു. എല്ലാ വില്ലേജ് ഓഫീസുകളിലും ഹെൽപ് ഡെസ്‌കുകൾ ആരംഭിക്കും. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഓരോ വില്ലേജ് ഓഫീസിലും കുറഞ്ഞത് രണ്ട് ജീവനക്കാരെയാകും നിയോഗിക്കുക. ആവശ്യമെങ്കിൽ ഉദ്യോഗസ്ഥരെ കൂട്ടാം. എസ്.സി, എസ്.ടി, പിന്നാക്ക വിഭാഗങ്ങൾ, കുടിയേറ്റ തൊഴിലാളികൾ തുടങ്ങി പ്രത്യേക ശ്രദ്ധ ആവശ്യമായ വിഭാഗങ്ങളിൽ വോട്ടവകാശം ഉറപ്പാക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ, അങ്കണവാടി അദ്ധ്യാപകർ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.
മണ്ഡലം- നോൺമാപ്പിംഗ്
തൃപ്പൂണിത്തുറ: 33,264 എറണാകുളം: 26,544 ഉദയംപേരൂർ: 24,650 കൊച്ചി: 14,778 ആലുവ: 13,959 കളമശേരി: 13,027 അങ്കമാലി: 12,710 പറവൂർ: 12,993 പിറവം: 11,821 മൂവാറ്റുപുഴ: 10,810 കുന്നത്തുനാട്: 8,499 വൈപ്പിൻ: 9,482 പെരുമ്പാവൂർ: 8,642