ആചാര ലംഘനം: പ്രായശ്ചിത്തം ഉത്സവത്തിന് ശേഷം നടക്കും
പത്തനംതിട്ട: അഷ്ടിരോഹണി വള്ള സദ്യ ദിവസം ആറൻമുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നടന്ന ആചാരലംഘനത്തിന് പ്രായശ്ചിത്ത കർമ്മങ്ങൾ ഉത്സവത്തിന് ശേഷം നടക്കും. ഇൗ മാസം 11മുതൽ 20വരെയാണ്ഉത്സവം.
അഷ്ടമിരോഹിണി ദിവസം വള്ളസദ്യ ദേവന് നേദിക്കും മുൻപ് ദേവസ്വം മന്ത്രി വി.എൻ.വാസവൻ അടക്കമുള്ള പ്രമുഖർക്ക് വിളമ്പിയത് ആചാര ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലം പരമേശ്വരൻ വാസുദേവൻ ഭട്ടതിരി ദേവസ്വം ബോർഡിനും പള്ളിയോട സേവാ സംഘത്തിനും ക്ഷേത്രാപദേശക സമിതിക്കും കത്ത് നൽകിയിരുന്നു. പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിലാണ് അന്ന് ചടങ്ങുകളും സദ്യയും നടത്തിയത്. പ്രായശ്ചിത്തം നടത്താൻ തയ്യാറാണെന്ന് ദേവസ്വം ബോർഡും സംഘവും ഉപദേശക സമിതിയും അറിയിച്ചിരുന്നു. ആറൻമുള ക്ഷേത്രം ഉത്സവത്തിനു ശേഷം തന്ത്രി കുറിക്കുന്ന തീയതിയിൽ പ്രായശ്ചിത്തം നടത്തുമെന്ന് ക്ഷേത്ര ഉപദേശിക സമിതി പ്രസിഡന്റ് വിജയൻ നടമംഗലത്തും സെക്രട്ടറി ശശി കണ്ണക്കേരിലും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിളിച്ചുചൊല്ലി പ്രായശ്ചിത്തം, എണ്ണാപ്പണം സമർപ്പണം, ദേവന് ഒരു പറ അരിയുടെ നേദ്യം, ഭക്തർക്ക് പത്ത് പറ അരിയുടെ സദ്യ തുടങ്ങിയവയാണ് പ്രായശ്ചത്തമായി ചെയ്യേണ്ട കാര്യങ്ങൾ. ചെലവ് വഹിക്കേണ്ടത് പള്ളിയോട സേവാസംഘമാണ്. തന്ത്രി നിശ്ചയിക്കുന്ന ദിവസം പ്രായശ്ചിത്തം ചെയ്യാനും ചെലവ് വഹിക്കാനും തയ്യാറാണെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവൻ പറഞ്ഞു.
വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്കും മറ്റും വിളമ്പിയതിനെ അപ്പോൾ തന്നെ ക്ഷേത്രോപദേശക സിമിതി ഭാരവാഹികൾ ചോദ്യം ചെയ്തിരുന്നു. തുടർന്ന് വിവാദമാവുകയും ചെയ്തു.