തീർത്ഥാടകർക്ക് മികച്ച സേവനങ്ങളുമായി ആരോഗ്യ വകുപ്പ്

Monday 05 January 2026 11:21 PM IST

ശബരിമല : മകര വിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങളാണ് ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്നത്. 24 മണിക്കൂറും വിദഗ്ദ്ധ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സേവനം ലഭ്യമാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 11,785 പേർ ചികിത്സ തേടിയെത്തിയതായി മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ഡോ. കെ.എ സുജിത് കുമാർ പറഞ്ഞു. പനി, ചുമ, ഉദരസംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കൂടുതൽ ആളുകളും ചികിത്സ തേടിയത്. ഈ തീർത്ഥാടനകാലത്ത് ഹൃദയസ്തംഭനവുമായി എത്തിയ 47 കേസുകളിൽ 12 പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു.

മലകയറ്റത്തിന്റെ ബുദ്ധിമുട്ടുകൾ പരിഗണിച്ച് കാർഡിയാക് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിൽ ആരോഗ്യ വകുപ്പ് പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികളിൽ കാർഡിയോളജി യൂണിറ്റുകൾ സജ്ജമാണ്. ഹൃദയാഘാത സാദ്ധ്യതയുള്ളവർക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കാൻ ആവശ്യമായ മരുന്നുകളും ലഭ്യമാണ്.

സന്നിധാനത്തിന് പുറമെ പമ്പ, നിലയ്ക്കൽ , ചരൽമേട്, അപ്പാച്ചിമേട്, നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാധുനിക ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാണ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിൽ ഓപ്പറേഷൻ തീയേറ്റർ, ഐ.സി.യു, എക്സ്-റേ, ലാബ് സൗകര്യം എന്നിവയുണ്ട്. നിലക്കലിലും ലാബ് സൗകര്യം ലഭ്യമാണ്. ആകെ 22 എമർജൻസി മെഡിക്കൽ സെന്ററുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ 17 എണ്ണം പമ്പ മുതൽ സന്നിധാനം വരെയുള്ള പാതയിലും അഞ്ചെണ്ണം പുൽമേട് വഴിയുള്ള കാനന പാതയിലുമാണ്. കാർഡിയോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, പൾമണോളജിസ്റ്റ്, ജനറൽ ഫിസിഷ്യൻ, സർജൻ എന്നിങ്ങനെ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് ശബരിമലയിൽ സേവന രംഗത്തുള്ളത്.