കേരളകൗമുദി രജതോത്സവം സമാപനം ഇന്ന്

Tuesday 06 January 2026 12:00 AM IST

കോട്ടയം: കേരളകൗമുദി കോട്ടയം യൂണിറ്റ് കാൽനൂറ്റാണ്ട് പിന്നിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി വിവിധ കേന്ദ്രങ്ങളിൽ നടന്നുവന്ന 'രജതോത്സവം' ആഘോഷ പരിപാടികളുടെ സമാപനം ഇന്ന് വൈകിട്ട് 5ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കും. കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിക്കും. അസോസിയേറ്റ് എഡിറ്റർ വി.എസ്.രാജേഷ് ആമുഖ പ്രസംഗം നടത്തും. ഫ്രാൻസിസ് ജോർജ് എം.പി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, കോട്ടയം നഗരസഭ ചെയർമാൻ എം.പി.സന്തോഷ് കുമാർ,എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.

അയർക്കുന്നം ക്രിസ്‌തുരാജ് ഹോസ്‌പിറ്റൽ ഡയറക്‌ടർ ഡോ.എം.സി.സിറിയക്ക് ആശംസയറിയിക്കും. ഡോ.എം.സി.സിറിയക്കിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച ' ദൈവത്തിന്റെ ബേബി ' എന്ന പുസ്‌തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും കേന്ദ്രമന്ത്രി നിർവഹിക്കും. വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച കാരിത്താസ് ആശുപത്രി ഡയറക്ടർ ഡോ.ഫാ.ബിനു കുന്നത്ത്, ചെറുകഥാകൃത്തും നോവലിസ്‌റ്റുമായ അനിൽ കോനാട്ട്, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, സംരഭകയും രാഷ്ട്രീയ നേതാവുമായ സുമ വിജയൻ, കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, കേരളകൗമുദി പ്രത്യേക ലേഖകൻ വി.ജയകുമാർ, യുടെക് ഹോം സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഉല്ലാസ് കൃഷ്ണൻ,മാവേലിക്കര വി.എസ്.എം ഹോസ്‌പിറ്റൽ മാനേജിംഗ് ഡയറക്‌ടർ ഡോ. പ്രശാന്ത് വെന്നിയിൽ,നടനും നിർമാതാവുമായ ഡോ.മധുസൂദനൻ നായർ എന്നിവരെ കേന്ദ്രമന്ത്രി ആദരിക്കും. കേരളകൗമുദി കോട്ടയം യൂണിറ്റ്ചീഫ് ആർ.ബാബുരാജ് സ്വാഗതവും, ആലപ്പുഴ യൂണിറ്റ് ചീഫ് കെ.എസ്.സന്ദീപ് നന്ദിയും പറയും.

'കേരളീയ നവോത്ഥാനത്തിൽ കേരളകൗമുദിയുടെ പങ്ക് ' എന്ന വിഷയത്തിൽ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി നടത്തിയ ലേഖനമത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും വിതരണം ചെയ്യും. തുടർന്ന് കലാഭവൻ ചാക്കോച്ചന്റെ മ്യൂസിക് ഫ്യൂഷൻ അരങ്ങേറും.