കീം: 31വരെ അപേക്ഷിക്കാം

Tuesday 06 January 2026 11:34 PM IST

തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള 2026-ലെ പ്രവേശനത്തിന് (കീം) www.cee.kerala.gov.inൽ 31ന് വൈകിട്ട് 5വരെ അപേക്ഷിക്കാം. അപേക്ഷയോടൊപ്പം എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, ജനനത്തീയതി, നാഷണാലിറ്റി എന്നിവ തെളിയിക്കുന്ന രേഖകളും ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. എന്നാൽ മറ്റ് യോഗ്യതാസർട്ടിഫിക്കറ്റുകളും രേഖകളും അപ്‌ലോഡ് ചെയ്യാൻ ഫെബ്രുവരി 7ന് വൈകിട്ട് 5 വരെ സമയമുണ്ട്.

വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ കൺഫർമേഷൻ പേജോ മറ്റ് രേഖകളോ തപാൽ വഴി പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയയ്ക്കേണ്ടതില്ല. കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ നിർബന്ധമായും കീം അപേക്ഷ സമർപ്പിക്കുകയും ഒപ്പം നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ്- യു.ജി പരീക്ഷ എഴുതി യോഗ്യത നേടുകയും വേണം. ആർക്കിടെക്ചർ കോഴ്‌സിനായി അപേക്ഷിക്കുന്നവർ കീം അപേക്ഷയോടൊപ്പം കൗൺസിൽ ഒഫ് ആർക്കിടെക്ചർ നടത്തുന്ന നാറ്റാ പരീക്ഷയും എഴുതിയിരിക്കണം. കൂടുതൽ വിവരങ്ങൾക്കും പ്രോസ്‌പെക്റ്റസിനും പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കണം. ഹെൽപ്പ് ലൈൻ-0471-2332120