കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ട തീർത്ഥാടകർ രക്ഷപ്പെട്ടു
Tuesday 06 January 2026 3:54 AM IST
തെന്മല: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ ഒഴുക്കിൽപ്പെട്ടു. അല്പദൂരം ഒഴുകിയ ഇവർക്ക് സമീപത്തെ പാറയിൽ പിടികിട്ടിയതിനാൽ ജീവൻ രക്ഷിക്കാനായി.
ഇന്നലെ ഉച്ചയ്ക്ക് 1.30ന് തെന്മല ഒറ്റക്കൽ പാറക്കടവ് ഭാഗത്തായിരുന്നു അപകടം. ദർശനശേഷം മടങ്ങുകയായിരുന്ന മുപ്പത്തഞ്ചോളം പേരടങ്ങിയ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. കനാലുകളിലും ഷട്ടറുകളിലും അറ്റകുറ്റപ്പണി നടത്തുന്നതിന്റെ ഭാഗമായി ആറ്റിൽ ജലനിരപ്പ് ക്രമീകരിച്ചിരുന്നതിനാൽ വെള്ളം കുറവായിരുന്നു. മുന്നറിയിപ്പ് അവഗണിച്ചാണ് ഇവർ വെള്ളത്തിലിറങ്ങിയതെന്ന് നാട്ടുകാർ പറയുന്നു.
കാഴ്ചയിൽ അപകടഭീഷണി തോന്നില്ലെങ്കിലും പാറയിടുക്കുകളിലൂടെ ശക്തമായ ഒഴുക്കുണ്ട്. ജലസേചനവകുപ്പ് നിയന്ത്രണ വേലിയും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വേലി തള്ളിമാറ്റിയാണ് സഞ്ചാരികൾ ഇവിടെ എത്തിയത്.