അമോറിമിനെ അടിച്ചിറക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

Tuesday 06 January 2026 12:05 AM IST

ലണ്ടൻ: ടീം മാനേജ്മെന്റുമായുള്ള അഭിപ്രായ ഭിന്നതകൾ പരസ്യമാക്കിയതോടെ പരിശീലകൻ റൂബൻ അമോറിമിനെ പടിക്ക് പുറത്താക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ യുണൈറ്റഡ്. കഴിഞ്ഞ ദിവസം പോയിന്റ് പട്ടികയിലെ പിൻനിരക്കാരായ ലീഡ്‌സ് യുണൈറ്റഡിനോട് 1-1ന് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ ടീം ഡയറക്ടർ ബോർഡിലെ ഉന്നതരെ അമോറിം പരസ്യമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിരിച്ചുവിടലുണ്ടായത്.

സീസണിൽ 20 കളികളിൽ എട്ട് എണ്ണത്തിൽ മാത്രമാണ് യുണൈറ്റഡിന് വിജയിക്കാനായത്. ലീഗിൽ ഒന്നാമതുള്ള ആഴ്‌സനലിനേക്കാൾ 17 പോയിന്റ് പിന്നിൽ 31 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആറാമതാണ്. കളിച്ച അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ജയിക്കാനായത്. ക്ളബിനെ പോയിന്റ് പട്ടികയിൽ മുന്നിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അമോറിമിനെ മാറ്റിയതെന്ന് യുണൈറ്റഡിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.

കഴിഞ്ഞ സീസണിൽ പുറത്താക്കപ്പെട്ട എറിക് ടെൻഹാഗിന് പകരമാണ് 2024 നവംബറിൽ പോർച്ചുഗീസ് ക്ളബ് സ്‌പോർട്ടിംഗിൽ നിന്ന് റൂബനെ മാഞ്ചസ്റ്റർ സ്വന്തമാക്കിയത്. 14 മാസമാണ് റൂബൻ അമോറിം യുണൈറ്റഡ് പരിശീലകനായി ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണിൽ ടീമിനെ യുവേഫ യൂറോപ്പ ലീഗ് ഫൈനലിലെത്തിച്ചിരുന്നു. 2027 വരെ അദ്ദേഹത്തിന് ക്ലബ്ബുമായി കരാറുണ്ടായിരുന്നു.

പുതിയ പരിശീലകനെ കണ്ടെത്തുന്നതു വരെ മുൻ മിഡ്ഫീൽഡറും അണ്ടർ 18 പരിശീലകനുമായ ഡാരൻ ഫ്ളെച്ചർക്കാണ് ടീമിന്റെ ചുമതല.

3-4-3 ലെ തമ്മിൽത്തല്ല്

റൂബൻ അമോറിം കളിക്കളത്തിൽ സ്വീകരിച്ച 3-4-3 ശൈലി(മൂന്ന് ഡിഫൻഡേഴ്സ്, നാല് മിഡ്ഫീൽഡേഴ്സ്, മൂന്ന് സ്ട്രൈക്കേഴ്സ് )യാണ് പ്രശ്നങ്ങൾക്ക് കാരണം. കഴിഞ്ഞ ആഗസ്റ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ പിടിച്ചതിന് പിന്നാലെ ഫുൾഹാം ക്ളബിന്റെ കോച്ച് മാർക്കോ സിൽവ തങ്ങൾക്ക് യുണൈറ്റഡിന്റെ ശൈലി ശരിക്ക് മനസിലാക്കാൻ കഴിഞ്ഞതോടെയാണ് സമനില കിട്ടിയതെന്ന് പറഞ്ഞിരുന്നു. ഇതോടെ 3-4-3 ശൈലി മാറ്റാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡയറക്ടർ ബോർഡ് അംഗവും റിക്രൂട്ട്മെന്റ് ഹെഡുമായ ക്രിസ്റ്റഫർ വിവേൽ അമോറിമിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമോറിം വഴങ്ങിയില്ല. സമ്മർദ്ദം ശക്തമായപ്പോൾ കഴിഞ്ഞമാസം ന്യൂകാസിലിന് എതിരായ മത്സരത്തിൽ മറ്റൊരു ഫോർമേഷൻ പരീക്ഷിച്ചു. ഈ കളിയിൽ വിജയിച്ചെങ്കിലും തുടർന്ന് വോൾവർ ഹാംപ്ടണിനും ലീഡ്സിനു എതിരായ മത്സരങ്ങളിൽ അമോറിം വീണ്ടും തന്റെ 3-4-3 ശൈലിയിലേക്ക് മാറി. ഇത് വീണ്ടും പൊട്ടലും ചീറ്റലുമുണ്ടാക്കി. ലീഡ്സിന് എതിരായ സമനിലയ്ക്ക് പിന്നാലെയുള്ള പരസ്യവിമർശനം കൂടിയായപ്പോൾ കോച്ചിനെ മാറ്റാൻ തന്നെ തീരുമാനിച്ചു.