പദ്ധതി ചെലവ് 34.66%: അടുത്ത വർഷത്തേക്ക് 35750കോടിയുടെ നിർദ്ദേശം
തിരുവനന്തപുരം:സാമ്പത്തിക വർഷം തീരാൻ രണ്ടു മാസം ശേഷിക്കെ, സംസ്ഥാനത്തെ പദ്ധതി ചെലവ് 34.66% മാത്രം. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്.കഴിഞ്ഞ വർഷം ജനുവരിയിൽ 56.06%ഉം 2024ൽ 47.79%ഉം 2023ൽ 57.74%ഉം 2022ൽ 60.85% ഉം ആയിരുന്നു പദ്ധതി ചെലവ്. 32500കോടിയായിരുന്നു നടപ്പ് വർഷത്തെ പ്ളാൻ ഫണ്ട്.
അതേ സമയം, ഈ വർഷം 35,750 കോടിയുടെ അടങ്കൽ പദ്ധതിയാണ് ആസൂത്രണ
ബോർഡ് നിർദ്ദേശിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതിക്ക് അംഗീകാരം നൽകി. മന്ത്രിസഭായോഗം അംഗീകരിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ഉൾപ്പെടുത്തും.നടപ്പ് വർഷത്തെ അപേക്ഷിച്ച് പത്തു ശതമാനം വർദ്ധിപ്പിച്ചാണ് പദ്ധതി അടങ്കൽ നിശ്ചയിക്കുക. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി തുകയിൽ വർദ്ധനവ് വരുത്താതെയാണ് മന്ത്രിസഭ അംഗീകരിക്കുക. സാമ്പത്തിക കണക്കിലെടുത്താണിത്.
പദ്ധതിയിലെ മുൻഗണനാ മേഖലകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കും.ഈ വർഷം സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്ഥാപനങ്ങളിലെ പദ്ധതി ചെലവ് പോലും കാര്യമായി മുന്നോട്ട് പോയിട്ടില്ല. 9215കോടിയാണ് പ്ളാൻഫണ്ട്. ഇതിൽ ഇതുവരെ 31.50% മാത്രമാണ് ചെലവ്.നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ ചെലവ് പൂർത്തിയാക്കുന്നത് പ്രതിസന്ധിയിലാകും.