കെ.എസ്.ആർ.ടി.സി: 2022ന് മുമ്പ് വിരമിച്ചവർക്കും പരിഷ്കരിച്ച പെൻഷൻ പരിഗണിക്കണം

Tuesday 06 January 2026 12:24 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നിന്ന് 2022 ജനുവരി ഒന്നിന് മുമ്പ് വിരമിച്ചവർക്കും പരിഷ്കരിച്ച പെൻഷൻ നൽകണമെന്ന ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം. ഹർജിക്കാരായ സംഘടനാ പ്രതിനിധികളെയടക്കം കേട്ട് മൂന്ന് മാസത്തിനകം ഉചിതമായ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ഉത്തരവ്. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി 2023ലും 2024ലും ഹർജിക്കാരുടെ ആവശ്യം നിരസിച്ച സർക്കാർ ഉത്തരവുകൾ കോടതി റദ്ദാക്കി. ട്രാൻസ്‌പോർട്ട് റിട്ടയേർഡ് ഓഫീസേഴ്സ് ഫോറം, കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ തുടങ്ങിയവരുടെ ഹർജികളാണ് തീർപ്പാക്കിയത്.

ഹൈക്കോടതിയുടെ ഉത്തരവുകൾക്ക് അനുസൃതമായാണ് ഹർജിക്കാർ നേരത്തേ സർക്കാരിന് നിവേദനം നൽകിയിരുന്നത്. എന്നാൽ മോശം സാമ്പത്തിക സ്ഥിതി മുൻനിറുത്തി നിരസിച്ചു. അതേസമയം, 2022ന് ശേഷം വിരമിച്ചവർക്ക് പുതുക്കിയ നിരക്കിൽ പെൻഷൻ അനുവദിച്ച് കെ.എസ്.ആർ.ടി.സി ആ വർഷം ജൂലായ് 8ന് ഇറക്കിയ ഉത്തരവ് ഹർജിക്കാർ ഹാജരാക്കി. തങ്ങളെ ഒഴിവാക്കിയത് വിവേചനമാണെന്നും ചൂണ്ടിക്കാട്ടി. വിരമിക്കൽ തീയതിയുടെ അടിസ്ഥാനത്തിൽ വിവേചനം പാടില്ലെന്ന സുപ്രീംകോടതി ഉത്തരവടക്കം കണക്കിലെടുത്താണ് പെൻഷൻകാരുടെ ആവശ്യം വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.