വിമാനയാത്രയിൽ പവർബാങ്ക് ഇനി ഹാൻഡ് ബാഗിൽ മാത്രം

Tuesday 06 January 2026 1:26 AM IST

തിരുവനന്തപുരം: യാത്രക്കാർക്ക് വിമാനയാത്രയിൽ കൈവശമുള്ള ബാഗിൽ(ഹാൻഡ് ബാഗ്) മാത്രമായിരിക്കും ഇനി പവർബാങ്കും അധികമുള്ള ബാറ്ററികളും(സ്പെയർ ബാറ്ററി) കൊണ്ടുപോകാനാവുക. ഇവ സീറ്റിന് മുകളിലുള്ള ലോക്കറിൽ(ഓവർഹെഡ് കമ്പാർട്ട്മെന്റ്) സൂക്ഷിക്കരുതെന്നും വിമാനയാത്രയ്ക്കിടെ പവർബാങ്കുപയോഗിച്ച് ലാപ്ടോപ്പോ ഫോണോ ചാർജ് ചെയ്യരുതെന്നും സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ സർക്കുലർ പുറപ്പെടുവിച്ചു.

വിമാന പറക്കലിനിടെ ലിഥിയം ബാറ്ററികളിൽ നിന്ന് തീപിടുത്തമുണ്ടായ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലായാണ് നിർദ്ദേശം. ഒക്ടോബറിൽ ഡൽഹി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന്റെ പവർ ബാങ്കിനു തീപിടിച്ചിരുന്നു. അഗ്നിബാധയുണ്ടായാൽ കണ്ടെത്താൻ എളുപ്പമല്ലെന്നതിനാലാണ് സീറ്റിനു മുകളിലെ അറയിൽ പവർബാങ്കും സ്പെയർ ബാറ്ററികളും സൂക്ഷിക്കാൻ അനുവദിക്കാത്തത്. ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചാൽ അണയ്ക്കുക എളുപ്പമല്ല.

ശ്രദ്ധിക്കേണ്ടവ

1. ടെർമിനൽ പ്രവേശന കവാടങ്ങൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, സുരക്ഷാ ചെക്ക്‌പോസ്റ്റുകൾ, ബോർഡിങ് ഗേറ്റുകൾ എന്നിവിടങ്ങളിൽ ലിഥിയം ബാറ്ററി തീപിടിത്ത സാധ്യതകളെക്കുറിച്ചുള്ള സുരക്ഷാ സന്ദേശങ്ങളും വിഡിയോകളും പ്രദർശിപ്പിക്കും

2. യാത്രയ്ക്കിടെ ഏതെങ്കിലും ഉപകരണം അമിതമായി ചൂടായി പുകയോ അസാധാരണ മണമോ അനുഭവപ്പെട്ടാൽ യാത്രക്കാർ ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിക്കണമെന്നും ഡി.ജി.സി.എ നിർദ്ദേശിച്ചു