ഇത്തിക്കരയിൽ ഭൂഗർഭ അടിപ്പാത നിർമ്മാണം

Tuesday 06 January 2026 12:30 AM IST

കൊല്ലം: ദേശീയപാത 66ൽ ഇത്തിക്കര പാലത്തിന് സമീപം ഭൂഗർഭ അടിപ്പാതയുടെ നിർമ്മാണം ആരംഭിച്ചു. കാറുകൾക്കും ഇരുചക്ര വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്ന തരത്തിൽ മൂന്ന് മീറ്റർ വീതം ഉയരവും വീതിയുമുള്ള അടിപ്പാതയാണ് നിർമ്മിക്കുന്നത്.

നേരത്തെ ആറുവരി പാതയുടെ ഉയരത്തിലാണ് ഇത്തിക്കര പാലത്തോട് ചേർന്നുള്ള ഭാഗത്ത് സർവീസ് റോഡ് നിർമ്മിച്ചിരുന്നത്. ഇതോടെ വയൽഭാഗത്തേക്ക് കുത്തിറക്കം രൂപപ്പെട്ടതോടെ അവിടെ നിന്നുള്ള വാഹനങ്ങൾക്ക് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയായി. പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പേ തന്നെ ഇത്തിക്കര പാലത്തിന് കുറുകെയുള്ള പുതിയ പാലങ്ങളുടെ നിർമ്മാണം നേരത്തെയുള്ള പാലത്തിന്റെ ഉയരത്തിൽ പൂർത്തിയായിരുന്നു. അതുകൊണ്ടാണ് ഇവിടെ അറുവരി പാത ഉയർത്താതെ ഭൂഗർഭ അടിപ്പാത നിർമ്മിക്കാൻ തീരുമാനിച്ചത്. മൂന്ന് ഘട്ടമായി മൂന്ന് മാസത്തിനുള്ളിൽ ഭൂഗർഭ അടിപ്പാതയുടെയും സർവീസ് റോ‌ഡിന്റെയും നിർമ്മാണം പൂർത്തിയാക്കാനാണ് നീക്കം.