തൃശൂർ കലോത്സവത്തിലെ വിജയ സ്മരണയിൽ മുഖത്തല ശിവജി

Tuesday 06 January 2026 1:30 AM IST

കൊല്ലം: തൃശൂരിന്റെ മണ്ണിൽ കലോത്സവ വേദികൾ ഒരുങ്ങുമ്പോൾ കൊല്ലം മുഖത്തലയിലെ 'ദീപാഭവന" ത്തിൽ സംഗീതത്തിന്റെ തിരയിളക്കം. 72വയസായ മുഖത്തല ശിവജിയുടെ മുഖത്ത് ഓർമ്മയുടെ മന്ദഹാസം. അഞ്ചര പതിറ്റാണ്ടു മുമ്പ് തൃശൂരിന്റെ മണ്ണിൽ പാടി നേടിയ സമ്മാനത്തിളക്കം.

1966ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കൈവിട്ടുപോയ ഒന്നാം സ്ഥാനം, 1968ൽ തൃശൂരിന്റെ മണ്ണിൽ വച്ച് ശിവജി തോടി രാഗത്തിലൂടെ തിരിച്ചുപിടിച്ചു. മധുരമണി അയ്യർ ഹൃദയമിടറി പാടിയ 'തായേ യശോദേ ഉൻതൻ..." എന്ന തോടി രാഗത്തിലുള്ള കീർത്തനമാണ് അന്ന് ആലപിച്ചത്. ശാസ്ത്രീയ സംഗിതത്തിനു ലഭിച്ച ആ സമ്മാനമാണ് ശിവജിയുടെ സംഗീതജീവിതത്തിന് വഴിത്തിരിവായത്. കാലം ഒരുവട്ടംകൂടി തൃശൂരിനെ കലോത്സവ നഗരിയാക്കുമ്പോൾ, ഒരു നിയോഗംപോലെ ശിവജിയുടെ രണ്ടു പ്രിയശിഷ്യർ അതേ വേദിയിൽ വിജയക്കൊടി പാറിക്കാനെത്തും. കൊല്ലത്തുനിന്ന് ജാനകിയും ആലപ്പുഴനിന്ന് പാർവതിയും. സംഗീതപ്രേമിയായിരുന്ന ശ്രീധരന്റെയും കമലാക്ഷിയുടെയും നാലുമക്കളിൽ മൂത്തയാളാണ് ശിവജി.

ആയൂർ കൃഷ്ണൻകുട്ടി, മങ്ങാട് നടേശൻ, നെയ്യാറ്റിൻകര വാസുദേവൻ എന്നിവരുടെ ശിഷ്യനായ മുഖത്തല ശിവജി എം.ജി.ടി ഹൈസ്കൂളിലെ സംഗീത അദ്ധ്യാപകനായിരുന്നു. ഭാര്യ സതീഭായി. ദീപയും ദിവ്യയും മക്കൾ.