ഉപയോഗിക്കുന്നത് പതിനായിരക്കണക്കിന് ആളുകള്‍; സൂപ്പര്‍ഹിറ്റായി കെഎസ്ആര്‍ടിസിയുടെ മറ്റൊരു പദ്ധതി

Tuesday 06 January 2026 12:32 AM IST

കോതമംഗലം: കോതമംഗലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നുള്ള ബഡ്ജറ്റ് ടൂറിസം സര്‍വീസ് സൂപ്പര്‍ഹിറ്റ്. ഇതിനകം ആയിരത്തിലധികം ട്രിപ്പുകളാണ് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് നടത്തിയത്. ഈ സൗകര്യം അറുപതിനായിരത്തോളം പേര്‍ ഉപയോഗിച്ചതോടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ച വരുമാനം മൂന്നരകോടിയിലേറെ കവിഞ്ഞു.

2021 നവംബര്‍ 28നായിരുന്നു ബഡ്ജറ്റ് ടൂറിസത്തിന്റെ ആദ്യ ട്രിപ്പ്. സംസ്ഥാനത്തുതന്നെ ബജറ്റ് ടൂറിസത്തിന്റെ തുടക്കകാലമായിരുന്നു ഇത്. കോതമംഗലത്തുനിന്ന് തട്ടേക്കാട്, കുട്ടമ്പുഴ,മാമലകണ്ടം,ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴി മൂന്നാറിലേക്കായിരുന്നു യാത്ര. കാഴ്ചകളുടെ വിസ്മയലോകമാണ് ഈ റൂട്ട് സമ്മാനിച്ചത്. പുഴകള്‍, മലകള്‍, വന്യജീവികള്‍, വെള്ളച്ചാട്ടങ്ങള്‍, തേയിലത്തോട്ടങ്ങള്‍, വനങ്ങള്‍ അങ്ങനെ ഒരുപിടി കാഴ്ചകള്‍. ആദ്യ ട്രിപ്പുതന്നെ വന്‍ വിജയമായി. നാല് വര്‍ഷം പിന്നിടമ്പോഴും അതേ റൂട്ടിലൂടെ സര്‍വീസ് ഇപ്പോഴും ഉണ്ട്. അന്നുമുതല്‍ ഇന്നുവരെ ഒരു സീറ്റുപോലും ഒഴിവില്ലാതെയാണ് സര്‍വീസ് നടത്തുന്നത്. പിന്നീട് മറ്റ് പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും സര്‍വീസുകള്‍ തുടങ്ങി.

ബഡ്ജറ്റ് ടൂറിസം ജനപ്രിയമായതോടെ അവധി ദിവസങ്ങളില്‍ നിരവധി ട്രിപ്പുകള്‍ വേണ്ടിവരുന്നുണ്ട്. സ്ഥാപനങ്ങളും സംഘടനകളും സീറ്റുകള്‍ മുഴുവനും ബുക്ക് ചെയ്യുന്ന രീതിയും പതിവായി.

വന്‍വിജയമായതോടെ ബഡ്ജറ്റ് ടൂറിസത്തിന് മാത്രമായി പുതിയ ബസ് കോതമംഗലം ഡിപ്പോയിലേക്ക് അനുവദിച്ചു. വിവിധ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ബസുകളാണ് ബഡ്ജറ്റ് ടൂറിസത്തിനായി ഇതുവരെ ഉപയോഗിച്ചിരുന്നത്. മനോഹരമായ ബസ് ആണ് പുതിയതായി എത്തിയിരിക്കുന്നത്. ടൂറിസത്തിന് മാത്രമല്ല വിവാഹം ഉള്‍പ്പടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കും ഈ ബസ് വിട്ടുനല്‍കും. മുന്‍കൂട്ടി ബുക്ക് ചെയ്യണം എന്നുമാത്രം.

എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന യാത്രാനുഭവം സമ്മാനിക്കുന്നതാണ് ജംഗിള്‍ സഫാരി. കെ.എസ്.ആര്‍.ടി.സിയുടെ വരുമാനവര്‍ദ്ധനക്കും കോതമംഗലം യൂണിറ്റിന്റെ പ്രവര്‍ത്തനം കാരണമായി. വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. പുതിയ ബസ് കോതമംഗലത്തിന് ലഭിച്ച അംഗീകാരമാണ്. - ആന്റണി ജോണ്‍, എം.എല്‍.എ