ഉറ്റവർക്കൊപ്പം പിറന്നാളുണ്ട് ജഗതി

Tuesday 06 January 2026 1:59 AM IST

തിരുവനന്തപുരം: പേര് ശ്രീകുമാർ ആചാരി, നക്ഷത്രം തൃക്കേട്ട. വഴിപാട് ഉദയാസ്തമയ പൂജ. 75-ാം പിറന്നാളിലെത്തിയ ജഗതി ശ്രീകുമാറിന്റെ പേരിൽ ഇന്നലെ ഭാര്യയും മക്കളും പൂജ കഴിപ്പിച്ചത് തൈക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിൽ. രാവിലെ പൂജ കഴിഞ്ഞ് വീട്ടിലെത്തിയ ഭാര്യ ശോഭ ചന്ദന പ്രസാദം നെറ്റിയിൽ അണിയച്ചപ്പോൾ ജഗതിയുടെ മുഖത്ത് നേരിയ മന്ദഹാസം.

മകൻ രാജ്‌കുമാറും മകൾ പാർവതിയും അടുത്ത ബന്ധുക്കളും രാവിലെ എത്തിയിരുന്നു. പിന്നെ കേക്ക് മുറിച്ചു. ഉച്ചയായപ്പോഴേക്കും തൂശനിലയിൽ സദ്യ റെഡി. എല്ലാ വിഭവങ്ങളും ജഗതിക്ക് കഴിക്കാനാകില്ല.

ധനു മാസത്തിലെ തൃക്കേട്ടയാണ് ജന്മനക്ഷത്രമെങ്കിലും ജനുവരി 5 എന്ന തീയതിയാണ് കുടുംബം പതിവായി പിറന്നാളായി ആഘോഷിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ മറ്റ് സന്ദർശകരെ അനുവദിച്ചില്ല.