പരവൂരിൽ യുവതിയുടെ ആത്മഹത്യ; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

Tuesday 06 January 2026 1:13 AM IST

പരവൂർ: പരവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റിൽ. ചൊവ്വര കോട്ടുകൽ പാർട്ട് രാഹുൽ ഭവനിൽ ആർ.വി.രാഹുലാണ് പരവൂർ പൊലീസിന്റെ പിടിയിലായത്.

പൊലീസ് പറയുന്നത്: ഏതാനും ദിവസം മുമ്പാണ് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ആത്മഹത്യ ചെയ്തത്. അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങൾ ഇല്ലെന്ന് കണ്ടെത്തിയ പൊലീസ് യുവതിയുടെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചു. പിടിയിലായ രാഹുൽ ഉൾപ്പടെ രണ്ടുപേരുമായി ഇവർക്ക് ബന്ധമുള്ളതായും മരണം നടന്ന ദിവസം പ്രതി ഇവരുമായി വാട്സ് ആപ്പ് വഴി 54 മിനിറ്റോളം വീഡിയോ കോൾ ചെയ്തതായും കണ്ടെത്തി. ഇതിൽ യുവതിയുമായുള്ള ബന്ധം താൻ അവസാനിപ്പിക്കുകയാണെന്നും ഇനിയും പിന്നാലെ വന്നാൽ യുവതിയുടെ ഭർത്താവിനെ അറിയിക്കുമെന്നും സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും രാഹുൽ ഭീഷണിപ്പെടുത്തിയതായും പൊലീസ് കണ്ടെത്തി. ഇതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഇയാൾ വിഴിഞ്ഞം അടിമലത്തുറയിൽ ഉള്ളതായി കണ്ടെത്തി. ഇയാൾക്ക് കഞ്ചാവ് വിൽപ്പനയും ലഹരി ഉപയോഗവും ഉണ്ടായിരുന്നു. വിഴിഞ്ഞം പൊലീസിന്റേയും ഡാൻസാഫ് ടീമിന്റെയും സഹായത്തോടേയാണ് പിടികൂടിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തു. റിമാൻഡ് ചെയ്തു.