യുഎഇയിലെ മസാജ് സെന്ററുകളിൽ ഇന്ത്യക്കാരിയായ ഇൻഫ്ലുവൻസറുടെ ചിത്രങ്ങൾ; ഒപ്പം മോശമായ അടിക്കുറിപ്പുകളും

Tuesday 06 January 2026 10:52 AM IST

ദുബായ്: യുഎഇയിലെ മസാജ് സെന്ററുകളിൽ അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ഉപയോഗിച്ചതിന് നിയമനടപടി സ്വീകരിച്ച് ഇന്ത്യക്കാരിയായ ഇൻഫ്ലുവൻസർ. യുഎഇയിലെ ലൈസൻസുള്ള ഇൻഫ്ലുവൻസറും ബ്ലോഗറുമായ യുവതിക്ക് സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുണ്ട്.

അധിക്ഷേപകരമായ അടിക്കുറിപ്പുകളോടെയാണ് ഈ മസാജ് സെന്ററുകൾ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിനെതിരെ നിയമപടപടി സ്വീകരിക്കാൻ പ്രവാസിയായ യുവതി നിരവധി നിയമ സ്ഥാപനങ്ങളെ സമീപിച്ചു. എന്നാൽ, ഉയർന്ന ഫീസ് കാരണം യുവതിക്ക് ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായിരുന്നു.

അങ്ങനെയിരിക്കെ യുവതി നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത്, യാബ് ലീഗൽ സർവീസസിന്റെ സിഇഒ സലാം പാപ്പിനിശേരി പണം സ്വീകരിക്കാതെ നിയമ പോരാട്ടത്തിന് വേണ്ട സഹായം ചെയ്യാമെന്ന് ഉറപ്പ് നൽകി. തുടർന്ന് അജ്‌മാൻ പബ്ലിക് പ്രോസിക്യൂഷൻ വഴി അജ്‌മാൻ പൊലീസ് സ്റ്റേഷനിൽ ഒരു ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണത്തിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌‌തിട്ടുണ്ട്. നിയമനടപടികൾ പുരോഗമിക്കുകയാണ്.

സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുത്തുന്നത് യുഎഇയിലെ ഗുരുതര കുറ്റമാണ്. 2,50,000 ദിർഹം ( 61,40,815 രൂപ) മുതൽ 5,00,000 ദിർഹം ( 1,22,81,630 രൂപ) വരെ പിഴയും തടവുമാണ് ശിക്ഷ. ധാരാളം ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടിലൂടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നതെങ്കിൽ ശിക്ഷ ഇതിലും കഠിനമാകാൻ സാദ്ധ്യതയുണ്ട്. ഇക്കഴിഞ്ഞ ഡിസംബർ മാസത്തിലും സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് യുഎഇ കർശന മുന്നറിയിപ്പുകൾ നൽകിയിരുന്നു.