കൊട്ടാരക്കര അടക്കം മൂന്നിടത്ത് സാദ്ധ്യത, നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഈശ്വറും?

Tuesday 06 January 2026 12:34 PM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി രാഹുൽ ഈശ്വർ. ചെങ്ങന്നൂർ, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളിൽ മത്സരിക്കാൻ താത്‌പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയപാർട്ടി ചോദിച്ചതായാണ് രാഹുൽ വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നത്. കേരളത്തിന് അതാണ് നല്ലത്. മഹാത്മാഗാന്ധിയുടെ പാതയിൽ ഹിന്ദു - മുസ്ളീം - ക്രിസ്‌ത്യൻ ഐക്യമാണ് ലക്ഷ്യം. തന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളതെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രാഹുൽ ഈശ്വറിനെതിരെ വീണ്ടും പരാതി നൽകിയിരിക്കുകയാണ്. രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് യുവതി പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ കോടതി വിധിയിൽ ആ സ്ത്രീ അതിജീവിതയല്ലെന്നാണ് പറയുന്നതെന്നാണ് രാഹുൽ ഈശ്വറുടെ വാദം. അധിക്ഷേപിച്ചല്ല താൻ വീഡിയോ ചെയ്തതെന്നും അവരുടെ ഭർത്താവിന്റെ വീഡിയോയ്ക്ക് പ്രതികരിച്ചതാണെന്നും രാഹുൽ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡനപരാതി നൽകിയ യുവതിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിൽ രാഹുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 16 ദിവസങ്ങളോളം ജയിലിൽ കഴിഞ്ഞതിനുശേഷമാണ് രാഹുൽ ഈശ്വറിന് കർശനവ്യവസ്ഥകളോടെ കോടതി ജാമ്യം അനുവദിച്ചത്. ഈ വ്യവസ്ഥകൾ രാഹുൽ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി പുതിയ പരാതി നൽകിയത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു.