'ടെൻഷൻ  വരുമ്പോൾ  ഗോവിന്ദൻ  മാഷിന്റെ   ഡയലോഗുകൾ  കേൾക്കണം;  ഒന്ന് മനസുതുറന്ന്  ചിരിക്കാം'

Tuesday 06 January 2026 1:57 PM IST

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എം വി ഗോവിന്ദൻ തമാശ പറയുന്നയാളാണ്. ടെൻഷൻ വരുമ്പോൾ അദ്ദേഹത്തിന്റെ ഡയലോഗുകൾ കേട്ടുചിരിക്കാൻ നല്ലതാണെന്നുമായിരുന്നു പരിഹാസം.

'രാഷ്ട്രീയത്തിൽ ടെൻഷൻ വരുമ്പോൾ ഗോവിന്ദൻ മാഷിന്റെ ഒന്നുരണ്ട് ഡയലോഗുകൾ കേട്ടാൽ നമുക്കൊരു സുഖമാണ്. ഒന്നുമനസ് തുറന്ന് ചിരിക്കാം. 100 സീറ്റിൽ യുഡിഎഫ് തോൽക്കുമെന്നല്ല, എൽഡിഎഫ് തോൽക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. വട്ടിയൂർക്കാവിൽ മാത്രമേ മത്സരിക്കൂവെന്ന് കെ സുരേന്ദ്രനും നേമത്ത് മത്സരിക്കില്ലെന്ന് വി ശിവൻകുട്ടി പറയുന്നതിലും അന്തർധാരയുണ്ട്.

യുഡിഎഫിലേയ്ക്ക് വരാനാഗ്രഹിക്കുന്ന ആരുടെയും മുന്നിലും വാതിൽ കൊട്ടിയടക്കില്ല. ആരുടെയും പുറകെ പോകില്ല. സീറ്റുകളുടെ കാര്യത്തിൽ ലീഗും ഞങ്ങളും വിട്ടുവീഴ്‌ച ചെയ്യാറുണ്ട്. വയനാട്ടിലെ വീടുകൾക്ക് പ്രിയങ്കാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ഷെഡ്യൂൾ നോക്കി തറക്കല്ലിടും. തിരഞ്ഞെടുപ്പിന് മുൻപ് പണിതീർക്കും. സർക്കാരിന്റെ പണി ഈ അടുത്ത കാലത്തൊന്നും തീരില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന കാര്യവും മത്സരിക്കണമെങ്കിൽ ഏത് സീറ്റിലാണെന്നതും പാർട്ടി തീരുമാനിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ വലിയ തർക്കങ്ങൾ ഉണ്ടാവില്ല. ഈ മാസം 15ഓടെ ഏകദേശരൂപമാകും'- കെ മുരളീധരൻ വ്യക്തമാക്കി.