സിപിഎം ഭൂമി കയ്യേറി; എകെജി പഠന ഗവേഷണ കേന്ദ്രം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

Tuesday 06 January 2026 2:42 PM IST

കൊച്ചി: സിപിഎം മുൻ സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി പഠന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന ഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കേരള സർവകലാശാലയുടെ ഉടമസ്ഥതയിലുള്ള ഭൂമി സിപിഎം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും അതിനാൽ കേന്ദ്രം അവിടെ നിന്ന് ഒഴിപ്പിക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

പുറമ്പോക്ക് ഭൂമി ഉൾപ്പെടെ ഏകദേശം 55 സെന്റ് സ്ഥലം സിപിഎം കൈവശപ്പെടുത്തിയിരിക്കുകയാണെന്ന് ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. ഒരു പ്രമുഖ രാഷ്‌ട്രീയ പാർട്ടി എന്ന നിലയിലുള്ള സ്വാധീനവും മസിൽ പവറും ഉപയോഗിച്ചാണ് സിപിഎം ഈ സ്ഥലം കൈക്കലാക്കിയതെന്ന് ഹർജി നൽകിയ കേരള സർവകലാശാല മുൻ ജോയിന്റ് രജിസ്‌ട്രാർ ആർ എസ് ശശികുമാർ ആരോപിക്കുന്നു.

തിരുവിതാംകൂർ മഹാരാജാവ് സർവകലാശാലയ്‌ക്ക് നൽകിയ ഭൂമിയാണിതെന്നും ഇതൊരു രാഷ്‌ട്രീയ പാർട്ടിയുടെ ഓഫീസായി വിട്ടുകൊടുക്കാൻ സർവകലാശാലയ്‌ക്ക് കഴിയില്ലെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. മതിയായ രേഖകളില്ലാതെയാണ് ഈ ഭൂമി ഇപ്പോൾ പാർട്ടിയുടെ കൈവശമുള്ളതാണെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

നിലവിൽ എകെജി പഠന ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്ന ഈ കെട്ടിടം നേരത്തേ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. ഈ ഭൂമി സംബന്ധിച്ച് മുമ്പും പല ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ ഭൂമി ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ഔദ്യോഗികമായി ഹർജി സമർപ്പിക്കപ്പെട്ടതാണ് സിപിഎമ്മിന് വെല്ലുവിളിയായിരിക്കുന്നത്.