മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു, അന്ത്യം കൊച്ചിയിൽ
കൊച്ചി: മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദ ബാധിതനായ ഇദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില ഏറെ വഷളായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞായിരുന്നു അന്ത്യം.
നാലുതവണ എംഎൽഎയും രണ്ടുതവണ മന്ത്രിയുമായിരുന്ന ഇബ്രാഹിം കുഞ്ഞ് എംഎസ്എഫിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 2001ലും 2006ലും മട്ടാഞ്ചേരിയിൽ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്റെ അവസാന എംഎൽഎയും കളമശേരി മണ്ഡലത്തിന്റെ ആദ്യ എംഎൽഎയുമാണ് ഇബ്രാഹിംകുഞ്ഞ്.
2005 മുതൽ 2006 വരെ വ്യവസായ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന അദ്ദേഹം 2011 മുതൽ 2016 വരെ പൊതുമരാമത്ത് മന്ത്രിയുമായിരുന്നു. 2001 – 2006ലെ യുഡിഎഫ് മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ചപ്പോഴാണ് ഇബ്രാഹിം കുഞ്ഞ് ആദ്യമായി മന്ത്രിയായത്.
എറണാകുളം ആലങ്ങാട് കൊങ്ങോർപ്പിള്ളി സ്വദേശിയായ ഇബ്രാഹിംകുഞ്ഞ് മുസ്ലിം ലീഗ് ജില്ലാ അദ്ധ്യക്ഷ സ്ഥാനം ഉൾപ്പെടെ പാർട്ടിയിൽ പ്രമുഖ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മദ്ധ്യകേരളത്തിൽ മുസ്ലിം ലീഗിന്റെ ശക്തനായ നേതാക്കളിലൊരാളായ അദ്ദേഹം ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയുമായിരുന്നു.
നദീറയാണ് ഭാര്യ. അഡ്വ. വി ഇ അബ്ദുൾ ഗഫൂർ, അബ്ബാസ്, അനൂബ് എന്നിവർ മക്കളാണ്. വി ഇ അബ്ദുൾ ഗഫൂർ 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കളമശ്ശേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു.