ഈ ശീലം ഇന്ന് തന്നെ ഉപേക്ഷിക്കണം; വ്യായാമം ചെയ്തതുകൊണ്ടും പുകവലി നിര്‍ത്തിയതുകൊണ്ടും മാത്രം കാര്യമില്ല

Tuesday 06 January 2026 7:43 PM IST

ആരോഗ്യകരമായ ജീവിതം ഇന്ന് ബഹുഭൂരിപക്ഷം ആളുകളുടേയും സ്വാഭാവികമായ തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്. അതിനായി ചിട്ടയോടെയുള്ള ഭക്ഷണം, വ്യായാമം ചെയ്യുന്നതിനായി മണിക്കൂറുകള്‍ ജിമ്മില്‍ ചെലവഴിക്കല്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാറുമുണ്ട്. പുകവലി പോലുള്ള ദോഷകരമായ ശീലം ഉപേക്ഷിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതുകൊണ്ട് മാത്രം കാര്യമില്ലെന്നും ജീവിതശൈലി രോഗങ്ങളില്‍ നിന്ന് രക്ഷനേടാന്‍ വളരെ പ്രധാനമായ ഒരു ശീലം കൂടിയുണ്ടെന്നുമാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.

കൃത്യമായ വ്യായാമം, ചിട്ടയോടെയുള്ള ഭക്ഷണക്രമീകരണം, പുകവലിയും മദ്യപാനവും ഉപേക്ഷിക്കല്‍ പോലുള്ളവ പ്രധാനമാണ്. എന്നാല്‍ ഇതിനോടൊപ്പം കൃത്യമായ ഉറക്കം ലഭിക്കുകയെന്നത് പ്രധാനമാണെന്നാണ് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. കൃത്യമായി ഉറങ്ങാതിരിക്കുന്ന ശീലം അടിയന്തരമായി ഉപേക്ഷിക്കണം. സ്‌ട്രെസ്, അതുകാരണമുള്ള ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളിലേക്ക് ഉറക്കമില്ലായ്മ നിങ്ങളെ എത്തിക്കും.

ഡല്‍ഹി സ്വദേശിയായ ഒരു യുവാവിന്റെ വിട്ടുമാറാത്ത ബി.പി.ക്കു പിന്നില്‍ ഉറക്കക്കുറവ് ആയിരുന്നു കാരണമെന്ന് പറയുകയാണ് ന്യൂറോളജിസ്റ്റായ ഡോ. കുനാല്‍ ബഹ്‌റാനി. സാമൂഹികമാദ്ധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡോ.കുനാല്‍ ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന, ദിവസേന വര്‍ക്കൗട്ട് ചെയ്യുന്ന, പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാത്ത ആ ഇരുപത്തിയൊമ്പതുകാരന് ഉറക്കക്കുറവ് മൂലം ഉയര്‍ന്ന ബി.പി.യും മസ്തിഷ്‌കാരോഗ്യം സാരമായി തകരാറിലാവുകയും ചെയ്തുവെന്നും ഡോക്ടര്‍ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഉറക്കക്കുറവ് കാരണം നിങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതായിരിക്കും. അത് പലപ്പോഴും തിരിച്ചറിയപ്പെടുന്നില്ല. കാരണം ഇതിന്റെ ലക്ഷണങ്ങള്‍ ശരീരം വളരെ പതുക്കെ മാത്രമേ പുറത്ത് കാണിക്കുകയുള്ളൂ. ശരിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ ക്ഷീണം അനുഭവപ്പെടുന്നതിന്നൊപ്പം നിങ്ങളുടെ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം കാലക്രമേണ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയും ചെയ്യും. ഉറക്കക്കുറവ് മൂലം ഒരിക്കല്‍ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം തകരാറിലായി തുടങ്ങിയാല്‍ മറ്റെല്ലാം നിശബ്ദമായി തകരാറിലാവുമെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കുന്നു.