അതിർത്തിയിലെ പെട്രോൾ പമ്പുകൾ പ്രതിസന്ധിയിൽ

Wednesday 07 January 2026 1:48 AM IST
petrol pump

 ഇന്ധനവിലയിലെ വ്യത്യാസം

കഞ്ചിക്കോട്: കേരളത്തിലെയും തമിഴ്നാട്ടിലെയും ഇന്ധന വില ഏകീകരിക്കണമെന്ന ആവശ്യവുമായി വാളയാർ മേഖലയിലെ പെട്രോൾ പമ്പ് ഉടമകൾ രംഗത്ത്. അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തും പെട്രോൾ,​ ഡീസൽ വിലയിലുള്ള വലിയ വ്യത്യാസം മൂലം ഇവിടുത്തെ പെട്രോൾ പമ്പുകൾ പ്രതിസന്ധിയിലാണ്. അന്തർ സംസ്ഥാന വാഹനങ്ങൾ കൂടുതലായി കടന്ന് വരുന്ന വാളയാർ മേഖലയെ ഇതര സംസ്ഥാനങ്ങളുമായുള്ള വില വ്യത്യാസം സാരമായി ബാധിച്ചിട്ടുണ്ട്. വാളയാറിൽ പെട്രോൾ വില ലിറ്ററിന് 106 രൂപയാണെങ്കിൽ ഏതാനും കലോമീറ്റർ അകലെ അതിർത്തിക്ക് അപ്പുറത്ത് ലിറ്ററിന് 102 രൂപയാണ് വില. ഡീസലിന് ഇവിടെ ലിറ്ററിന് 95 രൂപയും അപ്പുറത്ത് 93 രൂപയുമാണ്. ലിറ്ററിന് 2-4 രൂപയുടെ വ്യത്യാസമുള്ളതിനാൽ ഇതുവഴി പോകുന്ന വാഹനങ്ങളെല്ലാം തമിഴ്നാട്ടിലെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. അന്തർ സംസ്ഥാന വാഹനങ്ങൾ തമിഴ്നാട്ടിൽ നിന്നും ഫുൾ ടാങ്ക് ഇന്ധനം നിറച്ച ശേഷമാണ് അതിർത്തി കടക്കുന്നത്. കൊച്ചിയിലേക്കും കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കും വരുന്ന വാഹനങ്ങൾ വാളയാറിലെ പമ്പുകളിൽ കയറിയിട്ട് കാലങ്ങളേറെയായി. കൊച്ചിയിൽ നിന്നും കഞ്ചിക്കോട് നിന്നും ബെംഗളൂരുവിലേക്കും വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ അതിർത്തി കടക്കാൻ വേണ്ടത്ര മാത്രം ഇന്ധനം നിറയ്ക്കും. അതിർത്തി കടന്നതിന് ശേഷം ആവശ്യത്തിനുള്ള ഡീസലോ പെട്രോളോ കോയമ്പത്തൂരിലെ പമ്പുകളിൽ നിന്ന് അടിക്കുകയുമാണ് ചെയ്യുന്നത്. പ്രാദേശികമായുള്ള ചെറുകിട വാഹനങ്ങളുടെ ബിസിനസ് കൊണ്ട് മാത്രം തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് വാളയാർ മേഖലയിലെ പമ്പുകൾ. അതിനാൽ ഇന്ധനവില ഏകീകരിക്കേണ്ടത് അനിവാര്യമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.എന്നാൽ പമ്പുടമകളുടെ ആവശ്യം ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല.