ഇറച്ചിക്കോഴി വില കുതിക്കുന്നു
പാലക്കാട്: കോഴിമുട്ടയ്‌ക്കൊപ്പം ഇറച്ചിക്കോഴിയുടെ വിലയും വില കുതിച്ചുയരുന്നു. ക്രിസ്മസ്- ന്യൂയർ ആഘോഷങ്ങൾ കഴിഞ്ഞിട്ടും വിലയ്ക്ക് തെല്ലും മാറ്റമില്ല. പാലക്കാട് ജില്ലയിൽ കോഴിയുടെ മൊത്തവില 145 രൂപയും ചില്ലറവില 170 രൂപയുമായി ഉയർന്നു. കോഴിയിറച്ചി മാത്രമായി വിൽക്കുമ്പോൾ 250 രൂപയാണ് വില. കഴിഞ്ഞ ഒരു മാസത്തിനിടെ 50 രൂപയോളമാണ് കോഴിക്ക് വില കൂടിയത്. സംസ്ഥാനത്ത് ഉൽപ്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതും ആവശ്യക്കാർ കൂടിയതുമാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. സംസ്ഥാനത്ത് ദിവസേന 20 മുതൽ 24 ലക്ഷം കിലോ കോഴി ഉപയോഗിക്കുന്നതായാണ് ഭക്ഷ്യ വകുപ്പിന്റെ കണക്ക്. പാലക്കാട് ജില്ലയിൽ മാത്രം 1.5 ലക്ഷം കിലോയോളം വിൽപ്പന നടക്കാറുണ്ട്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ വിൽപ്പന. പ്രതിദിനം രണ്ടരലക്ഷം കിലോയോളം. കേരളത്തിൽ ആവശ്യമായ ഇറച്ചിക്കൊഴിയുടെ പകുതിയും തമിഴ്നാട്ടിലെ ഫാമുകളിൽ നിന്നാണ് എത്തുന്നത്. ഉദുമൽപ്പേട്ട, ഒട്ടൻ ഛത്രം, പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കോഴിയെത്തുന്നത്. ശബരിമല മണ്ഡലകാലവും ക്രിസ്മസ് നോമ്പും കാരണം ഡിസംബറിൽ വിൽപ്പന കുറയുക പതിവാണ്. അതിനാൽ സംസ്ഥാനത്തെ കർഷകർ ഉൽപ്പാദനം കുറച്ചു. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ ഡിസംബറിൽ ആവശ്യക്കാർ കൂടിയതാണ് വില കൂടാൻ കാരണം. നാമക്കലിലെ കോഴിക്കുഞ്ഞ് ഉൽപ്പാദന കേന്ദ്രത്തിലെ രോഗ ബാധയും പ്രതിസന്ധിയായി. രോഗബാധ നിയന്ത്രിക്കാനായെങ്കിലും ഉൽപ്പാദനം പഴയ പടിയായിട്ടില്ല. കർഷകർക്ക് കിലോയ്ക്ക് 130 രൂപ വരെ വില ലഭിക്കുന്നുണ്ട്. 45 ദിവസ ബാച്ചുകളായാണ് ഇറച്ചിക്കോഴി ഉൽപ്പാദനം. അതിനാൽ ഫെബ്രുവരി അവസാനം വരെ വില ഉയർന്നേക്കും. ഫെബ്രുവരി പകുതിയിൽ റംസാൻ കൂടി എത്തുന്നതോടെ ആവശ്യക്കാരും വർധിക്കും. കോഴിമുട്ടയുടെ വിലയും ആഴ്ചകളായി ഉയർന്നു നിൽക്കുകയാണ്. ഒരുവേള കോഴിമുട്ട ഒരെണ്ണത്തിന് 8.50 രൂപ വരെയെത്തിയിരുന്നു. ഇപ്പോൾ 7.50-8 രൂപയാണ് ചില്ലറ വില.