ബാബു ഭായിയും ലതയും പാടി ,​ ചോരാത്ത വീട്ടിൽ അന്തിയുറങ്ങാൻ

Wednesday 07 January 2026 12:24 AM IST
വാ​ർ​മു​കി​ൽ​ ​ഫൗ​ണ്ടേ​ഷ​ൻ​ ​ടൗ​ൺ​ഹാ​ളി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ ​ബാ​ബു​ഭാ​യി​ ​-​ ​ല​ത​ ​ഫാ​മി​ലി​ ​സം​ഗീ​ത​ ​രാ​വി​ൽ​ ​ബാ​ബു​ഭാ​യി​ ​പാ​ടു​ന്നു.

  • സഹായഹസ്തവുമായി സംഗീത പ്രേമികൾ

കോഴിക്കോട്: കോഴിക്കോട്ടെ തെരുവുകൾക്ക് സുപരിചിത ശബ്ദമാണ് ബാബുഭായിയുടേത്. എന്നാൽ ഇന്നലെ പാടിയത് തെരുവിലല്ല,​ ടൗൺഹാളിൽ. ഭാര്യ ലതയുടെ ഹാർമാേണിയത്തിനൊപ്പം മൂന്നു മണിക്കൂറോളം പാടിയത് ചോരാത്ത വീട്ടിൽ അന്തിയുറങ്ങാൻ.

റഫി, കിഷോർകുമാർ, മുകേഷ്, കുമാർ സാനു തുടങ്ങിയവരുടെ യേ ദുനിയാ യേ മെഹ്ഫിൽ, ബഹാരോം ഫൂൽ ബർസാവോ, ക്യാ ഹുവാ തേരാ വാദാ തുടങ്ങിയ പാട്ടുകൾ കേട്ട് പ്രേക്ഷകർ കെെയടിച്ചു. ഒപ്പം തങ്ങൾക്കാവുന്ന തുക അവ‌‌രും വിവിധ സംഘടനകളും സംഭാവനപ്പെട്ടികളിൽ നിക്ഷേപിച്ചു.

പോരാത്ത തുക സംഘാടകരായ വാർമുകിൽ ഫൗണ്ടേഷൻ അംഗങ്ങൾ വീതിച്ചെടുക്കും. താമസിയാതെ ഈ ദമ്പതികളുടെ മാവൂരിലെ വീടിന്റെ അറ്റകുറ്റപ്പണിയും പെയിന്റിംഗും തുടങ്ങും. ഒന്നര പതിറ്റാണ്ട് മുമ്പ് ഒരു സ്വകാര്യ ടെലിവിഷൻ ചാനൽ റിയാലിറ്റി ഷോയിലൂടെ തെരുവുഗായകരായ ഇവർക്ക് ലഭിച്ച വീട് ഇപ്പോൾ ശോച്യാവസ്ഥയിലാണ്. തെരുവിൽ പാടുന്നത് പൊലീസ് വിലക്കിയെന്ന് കുടുംബം ആരോപിച്ചിരുന്നു. മൂന്നര പതിറ്റാണ്ടായി മാനാഞ്ചിറയിലും കിഡ്സൺ കോർണറിലും പുതിയ സ്റ്റാൻഡിലും ബീച്ചിലുമൊക്കെ പാടി ഉപജീവനം കഴിച്ചവരാണിവർ. ദമ്പതികൾക്ക് ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. സംഗീതരാവ് പരിപാടിയിൽ വാർമുകിൽ ചെയർമാൻ എ.വി. റഷീദലി അദ്ധ്യക്ഷത വഹിച്ചു.

  • ആലാപനവുമായി വിദേശത്തും

ഗുജറാത്ത് സ്വദേശിയാണ് ബാബുഭായി. അവിടെ തുടങ്ങി പല വഴി അലഞ്ഞാണ് കോഴിക്കോട്ടെത്തിയത്. ആലാപനവുമായി വിദേശത്തും പോയി. ഭാര്യ ലതയാണ് ഹാർമോണിയം വായിക്കുക. പാടി കിട്ടുന്ന വരുമാനം കൊണ്ടാണ് ഏഴ് മക്കളടങ്ങുന്ന കുടുംബം ബാബുഭായി പുലർത്തിയത്. നാല് പതിറ്റാണ്ടായി ഇവർ കോഴിക്കോടിന്റെ ഭാഗമാണ്.

  • വേണം പ്രത്യേക ഇടം

കോഴിക്കോട്ട് തെരുവുഗായകർക്കായി പ്രത്യേക ഇടമൊരുക്കണമെന്ന ആവശ്യവുമായി വാർമുകിൽ ഫൗണ്ടേഷൻ കോർപ്പറേഷന് നിവേദനം നൽകി. മേയർ ഒ. സദാശിവനും അനുകൂല അഭിപ്രായമാണുള്ളത്. നഗരത്തിലെ വെെകുന്നേരങ്ങളിൽ ആളുകൾ കൂടുന്നിടത്ത് ചെറിയൊരു വേദി പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് ബാബുഭായിയും.