മൂന്നാം വർഷവും ഒരു കോടി യാത്രക്കാരുമായി സിയാൽ

Wednesday 07 January 2026 12:16 AM IST

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലൂടെ(സിയാൽ) യാത്രക്കാരുടെ എണ്ണം മൂന്നാം വർഷവും ഒരു കോടി കവിഞ്ഞു. പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന കേരളത്തിലെ ഏക വിമാനത്താവളവും ദക്ഷിണേന്ത്യയിലെ നാലാമത്തേതുമാണ് സിയാൽ.

കഴിഞ്ഞ വർഷം 1,15,19,356 യാത്രക്കാരാണ് സിയാലിലൂടെ യാത്ര ചെയ്തത്.മുൻവർഷത്തെ 1,09,86,296 യാത്രക്കാരെ അപേക്ഷിച്ച് 4.85ശതമാനം വളർച്ച. മേയിൽ ഏകദേശം 11.07 ലക്ഷം യാത്രക്കാർ സിയാലിന് ലഭിച്ചു. യാത്രക്കാരിൽ 55.17 ലക്ഷം രാജ്യാന്തര തലത്തിലും 60.02 ലക്ഷം പേർ ആഭ്യന്തര സെക്ടറിലും യാത്ര നടത്തി.

മൊത്തം 74,689 വിമാനങ്ങൾ സർവീസ് നടത്തി. 'സിയാൽ 2.0' പദ്ധതി യാത്രക്കാർക്ക് ഏറെ ഗുണകരമായെന്നും ഡിജിയാത്ര സൗകര്യം ആഭ്യന്തര ടെർമിനലിലൂടെയുള്ള ട്രാൻസിറ്റ് വേഗത്തിലാക്കിയെന്നും മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു. മെച്ചപ്പെട്ട സൗകര്യങ്ങൾ, ആധുനിക ടെർമിനൽ അന്തരീക്ഷം, സ്മാർട്ട് മാനേജ്‌മെന്റ് എന്നീ ഡിജിറ്റലൈസ്ഡ് സംവിധാനങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനും സാധിച്ചു. സെക്യൂരിറ്റി ചെക്കിൽ ഫുൾ ബോഡി സ്‌കാനറുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.