ഹൈബി, സ്വരാജ്, പിഷാരടി..... സസ്പെൻസ്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പ്രാരംഭത്തിൽ തന്നെ ശ്രദ്ധേയമായി എറണാകുളവും തൃപ്പൂണിത്തുറയും. അപ്രതീക്ഷിത സ്ഥാനാർത്ഥികൾ രംഗത്തുവരുമോ എന്നതാണ് ചർച്ചകൾ. പുതിയ പേരുകളും ഉയരുന്നുണ്ട്.
തൃപ്പൂണിത്തുറ തിരികെപ്പിടിക്കാൻ ഇടതുപക്ഷം ഒരുങ്ങുമ്പോൾ സ്ഥാനാർത്ഥി നിർണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾക്ക് കളമൊരുക്കുകയാണ് യു.ഡി.എഫ്. കോൺഗ്രസ് കോട്ടയായ എറണാകുളത്ത് ഇക്കുറി ഹൈബി ഈഡൻ എം.പിയും പരിഗണിക്കപ്പെടുന്നതായും സൂചനകളുണ്ട്.
തൃപ്പൂണിത്തുറയിൽ കഴിഞ്ഞ തവണ തലനാരിഴയ്ക്ക് തോൽവി പിണഞ്ഞ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജിനെ വീണ്ടും ഇറക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗവും നീക്കം നടത്തുന്നുണ്ട്.
ഹൈബി വീണ്ടും കളത്തിൽ ?
യു.ഡി.എഫ് അധികാരത്തിലേറിയാൽ മന്ത്രി സ്ഥാനം ഹൈബിക്ക് ഉറപ്പാണ്. 2011ൽ ഇടതു സ്വതന്ത്രനായിരുന്ന ഡോ. സെബാസ്റ്റ്യൻ പോളിനെ 32,437 വോട്ടിന് തറപറ്റിച്ചായിരുന്നു ഹൈബിയുടെ അരങ്ങേറ്റം. 2016ലെ ഇടതുതരംഗത്തിലും കടപുഴകാതെ നിന്ന് ഹൈബി 21,949 വോട്ടിന് അഡ്വ.എം. അനിൽകുമാറിനെ തോൽപ്പിച്ചു.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ മന്ത്രി പി. രാജീവിനെ തോൽപ്പിച്ചത് 1,69,510 വോട്ടിന്. 2024ൽ ലോക്‌സഭയിലേക്ക് 2,50,385ന്റെ ചരിത്ര ഭൂരിപക്ഷവും നേടി. ഹൈബിയെ വീണ്ടും നിയമസഭയിലേക്കിറക്കിയാൽ സിറ്റിംഗ് എം.എൽ.എ ടി.ജെ. വിനോദിനെ എവിടെ പരിഗണിക്കുമെന്നത് കോൺഗ്രസിന് തലവേദനയാകും.
തൃപ്പുണിത്തുറയിൽ മത്സരം കടുക്കും
തൃപ്പൂണിത്തുറ മൂന്നു മുന്നണികളും പ്രധാനമായി കരുതുന്ന മണ്ഡലമാണ്. വിശേഷിച്ച് ചരിത്രത്തിലാദ്യമായി ബി.ജെ.പി. മുനിസിപ്പാലിറ്റി ഭരണം പിടിച്ച പശ്ചാത്തലത്തിൽ.
2016ലെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് നിലമ്പൂരുകാരനായ എം. സ്വരാജിനെ സി.പി.എം തൃപ്പൂണിത്തുറയിലിറക്കിയത്. ശക്തനായ കെ. ബാബുവിനെ 4,467 വോട്ടിന് സ്വരാജ് തോൽപ്പിച്ചു. 2021ൽ സംസ്ഥാനമൊട്ടാകെയുണ്ടായ ഇടതു തംരംഗത്തിലും സ്വരാജിന് അടിതെറ്റി. സീറ്റ് തിരിച്ചു പിടിച്ച കെ. ബാബുവിന് 992ന്റെ ഭൂരിപക്ഷം. ഇത്തവണ കെ. ബാബു മത്സരിക്കാനില്ലെന്ന കണക്കുകൂട്ടലിലാണ് സ്വരാജിന്റെ പേരുയർത്തുന്നത്. മുൻ കൊച്ചി മേയർ അഡ്വ.എം. അനിൽകുമാറിന്റെ പേര് മാസങ്ങൾക്ക് മുമ്പേ മണ്ഡലത്തിൽ പ്രചരിക്കുന്നുണ്ട്.
കോൺഗ്രസിലാകട്ടെ നടൻ രമേഷ് പിഷാരടി, രാജു പി. നായർ എന്നിവരാണ് പ്രധാനമായും പരിഗണനയിലുള്ളത്. അജയ് തറയിൽ, എം. ലിജു, പി.എസ്. ബാബുറാം, തമ്പി സുബ്രഹ്മണ്യം എന്നിവരുടെ പേരുകളും സജീവമാണ്. സാമുദായിക സമവാക്യങ്ങളാണ് മണ്ഡലത്തിൽ ഇടത്, വലത്, എൻ.ഡി.എ മുന്നണികളെ കുഴയ്ക്കുന്നത്. ഈഴവ, ധീവര സമുദായവോട്ടുകൾ മണ്ഡലത്തിൽ നിർണായകശക്തിയാണ്.