ഈ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് എത്തിയത് 81,250 കോടി രൂപ; ഡീല്‍ വെറും സാമ്പത്തികം മാത്രമല്ല

Tuesday 06 January 2026 11:02 PM IST

ന്യൂഡല്‍ഹി: ലോകത്തില്‍ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളില്‍ ഒന്നാണ് നമ്മുടെ രാജ്യത്തിന്റേത്. അതുകൊണ്ട് തന്നെ ആഗോളതലത്തില്‍ ഇന്ത്യയുടെ പ്രാധാന്യവും വര്‍ദ്ധിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ തെളിവാണ് മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറായിവരുന്ന സാഹചര്യം. ഇക്കൂട്ടത്തില്‍ മുന്‍നിരയിലേക്ക് വരികയാണ് ഏഷ്യന്‍ ശക്തികളായ ജപ്പാന്‍. ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കാനും ജപ്പാന്‍ ശ്രദ്ധിക്കുന്നുണ്ട്.

2025ല്‍ ഇന്ത്യയിലേക്ക് വന്ന ജപ്പാന്‍ നിക്ഷേപം സര്‍വകാല റെക്കോഡാണ്. 81,250 കോടി രൂപയുടെ നിക്ഷേപമാണ് ജാപ്പനീസ് നിക്ഷേപക സ്ഥാപനങ്ങളും ബാങ്കുകളും ചേര്‍ന്ന് ഇന്ത്യയില്‍ നടത്തിയത്. വ്യാവസായിക തലത്തിന് പുറമേ രാഷ്ട്രീയമായും ഇന്ത്യ - ജപ്പാന്‍ ബന്ധം ശക്തിപ്പെടുന്നതിന് കാരണമുണ്ട്. ആഗോളതലത്തിലെ മാറുന്ന രാഷ്ട്രീയ സാഹചര്യം ഇതിലൊരു പ്രധാന ഘടകമാണ്.ഫിനാന്‍ഷ്യല്‍ സെക്ടറിലാണ് ജപ്പാനില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നിക്ഷേപം വന്നത്.

ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ മിസ്തുബിഷി യുഎഫ്ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ശ്രീറാം ഫിനാന്‍സില്‍ 20 ശതമാനം ഓഹരി പങ്കാളിത്തം നേടിയതാണ് ഇതില്‍ പ്രധാനം. 40,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിച്ചത്. സാമ്പത്തികമായി മാത്രം ചിന്തിക്കുകയാണെങ്കില്‍ ഇന്ത്യ നടത്തുന്ന അസാധാരണമായ കുതിപ്പും ഇന്ത്യന്‍ സാമ്പത്തിക മേഖലയുടെ ഭാവി ശോഭനമാണെന്നതും ജപ്പാന്റെ താത്പര്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പരമ്പരാഗതമായി ജപ്പാന്റെ രീതിയും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികളായ രാജ്യങ്ങളിലേക്ക് നിക്ഷേപം വര്‍ദ്ധിപ്പിക്കുകയെന്നതാണ്.

ഇന്ത്യ ഒരിക്കലും സാമ്പത്തികമായി ജപ്പാന്റെ എതിരാളികളല്ല. ഏഷ്യന്‍ മേഖലയില്‍ ജപ്പാന്റെ മത്സരം ചൈനയുമായിട്ടാണ്. ചൈനയ്ക്ക് പാകിസ്ഥാനുമായി രാഷ്ട്രീയ അടുപ്പമുണ്ട്. ഈ സഖ്യത്തിലേക്ക് ഇപ്പോള്‍ ബംഗ്ലാദേശും ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ തന്ത്രപരമായ സഹകരണത്തിന് ഇരുരാജ്യങ്ങളും കൈകോര്‍ക്കുന്നത് രാഷ്ട്രീയ ഭൂപടത്തിലും ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. വരും വര്‍ഷങ്ങളില്‍ ജപ്പാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളുടെ എണ്ണം വര്‍ദ്ധിക്കാനും സാദ്ധ്യതയുണ്ട്.