സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം തുടങ്ങും: മന്ത്രി വീണാജോർജ്

Wednesday 07 January 2026 12:00 AM IST

തിരുവനന്തപുരം : ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്‌കൂൾ ഹെൽത്ത് പ്രോഗ്രാം തുടങ്ങുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.ദേശീയ വിരവിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങൾ ആരോഗ്യത്തിന്റെ അംബാസഡർമാരായി മാറും. കുഞ്ഞുങ്ങളിൽ നിന്ന് വീട്ടിലേക്ക്, വീട്ടിൽ നിന്നും നാട്ടിലേക്ക് എന്നുള്ളതാണ് ലക്ഷ്യം. ഓരോ കുഞ്ഞിനും ശാരീരിക,മാനസിക ആരോഗ്യം ഉറപ്പാക്കും. കുഞ്ഞുങ്ങൾക്ക് ഹെൽത്ത് കാർഡ് ക്രമീകരിക്കും.

വിരബാധ ഒഴിവായാൽ മാത്രമേ കുഞ്ഞുങ്ങളുടെ വിളർച്ചമാറി വളർച്ച ത്വരിതപ്പെടൂ. 1 മുതൽ 19 വയസുവരെ പ്രായമുളള കുട്ടികൾക്കാണ് സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലൂടെ ഗുളിക നൽകുന്നത്.

ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ആർ.സി.ബീന, ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ.വി.മീനാക്ഷി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ, വനിതാ ശിശുവികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഷീബ.എൽ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷിബു പ്രേംലാൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എസ്.അനോജ്, ജില്ലാ ആർ.സി.എച്ച്. ഓഫീസർ ഡോ.ശില്പ ബാബു തോമസ്‌ തുടങ്ങിയവർ പങ്കെടുത്തു.