നികുതി കെട്ടാത്ത ഭൂമിക്ക് നികുതി ഒടുക്കാം

Wednesday 07 January 2026 12:00 AM IST

തിരുവനന്തപുരം:റവന്യു രേഖകളിൽ 'നി.കെ' (നികുതി കെട്ടാത്ത) എന്ന വിഭാഗത്തിൽ ഉൾപ്പെട്ട ഭൂമികൾക്ക് നികുതി നിർണയിച്ച് അടയ്ക്കാനും, ആ വിഭാഗത്തിൽ നിന്ന് ഒഴിവാക്കാനും ഉള്ള മാർഗരേഖ ( സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോസീജർ ) അംഗീകരിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി.

കേരള ലാൻഡ് ടാക്സ് ആക്റ്റ് 1961 പ്രകാരം 'നി.കെ' ഭൂമികളുടെ രജിസ്റ്റേർഡ് കൈവശക്കാർക്കും അവരുടെ നിയമാനുസൃത പ്രതിനിധികൾക്കും നികുതി നിർണയിച്ച് അടയ്ക്കാൻ അനുവദിച്ച സർക്കാർ ഉത്തരവിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ഉത്തരവ്.

ചുമതലകൾ

തഹസിൽദാർ മുതൽ ജില്ലാ കളക്ടർ വരെ വ്യക്തമായ ചുമതലകൾ നിർണയിച്ചിട്ടുണ്ട്. എസ്.ഒ.പി അനുസരിച്ച്, നികുതി നിർണയ നടപടികൾ തഹസിൽദാർ ആണ് ആരംഭിക്കുക. അപേക്ഷ ലഭിച്ചാൽ 15 ദിവസത്തിനകം പ്രാഥമിക ഡിമാൻഡ് നോട്ടീസ് (ഫോം ബി) നൽകണം. തുടർന്ന് ഭൂമിയുടമയ്ക്ക് 15 മുതൽ 30 ദിവസത്തിനകം ആക്ഷേപം ഉന്നയിക്കാം. വില്ലേജ് ഓഫീസർ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. അതിന്റെ അടിസ്ഥാനത്തിൽ തഹസിൽദാർ അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് അന്തിമ ഡിമാൻഡ് നോട്ടീസ് (ഫോം സി) നൽകും. • പാറ, കാവ്, ക്ഷേത്രം, പള്ളി, ശ്മശാനം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട ഭൂമികൾ ഡ്രൈ ലാൻഡ് ആയും • കുളം, ചിറ, തോട് തുടങ്ങിയവ വെറ്റ് ലാൻഡ് ആയും അടിസ്ഥാന നികുതി രേഖയിൽ പുനർവർഗ്ഗീകരിക്കും. അപ്പീൽ അവകാശം തഹസിൽദാരുടെ അന്തിമ ഉത്തരവിനെതിരെ 30 ദിവസത്തിനകം ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം.