നിയമസഭ തിര.: ഏപ്രിൽ രണ്ടാം വാരം ഒറ്റഘട്ടമായി തിര. കമ്മിഷൻ അടുത്തമാസം കേരളത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാംവാരം ഒറ്റഘട്ടമായി നടത്തിയേക്കും. മുന്നൊരുക്കം വിലയിരുത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ അടുത്തമാസം കേരളത്തിലെത്തും.
കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ആലോചിച്ചും ആഘോഷങ്ങളും അവധികളും പരീക്ഷകളും കാലാവസ്ഥയുമടക്കം പരിഗണിച്ചുമായിരിക്കും തീയതി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക. മേയ് 20നാണ് നിലവിലെ നിയമസഭയുടെ കാലാവധി പൂർത്തിയാകുന്നത്. അതിനു മുമ്പ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
കേരളത്തിനൊപ്പം അസാം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. ഇതുസംബന്ധിച്ച പ്രാഥമിക വിലയിരുത്തലിനായി തിങ്കളാഴ്ച ഡൽഹിയിൽ അഞ്ച് സംസ്ഥാനങ്ങളിലേയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ ഉൾപ്പെടെയുള്ളവരുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ ചർച്ച നടത്തി. കേരളത്തിൽ നിന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ ഡോ. രത്തൻ യു. ഖേൽക്കർ, ആഭ്യന്തര സുരക്ഷാ ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷ് എന്നിവർ പങ്കെടുത്തു.
അന്തിമ വോട്ടർ പട്ടിക
ഫെബ്രുവരി 21ന്
1. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ പൂർത്തിയാക്കി ഫെബ്രുവരി 21നാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക. തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളും ഇതിനൊപ്പം നടത്താനാണ് കമ്മിഷൻ തീരുമാനം
2. സംസ്ഥാനത്ത് നിലവിലുള്ള 25,000 ബൂത്തുകൾക്കു പുറമെ 5003 ബൂത്തുകൾ കൂടി പുതുതായി രൂപീകരിച്ചിട്ടുണ്ട്. ഇതിലേക്ക് ബി.എൽ.ഒമാരെ അടിയന്തരമായി നിയമിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്