കഥകളി രാവുകൾക്ക് തുടക്കം പമ്പാ മണൽപ്പുറം ഉണർന്നു

Tuesday 06 January 2026 11:44 PM IST

കോഴഞ്ചേരി: ജില്ലാ കഥകളിക്ളബിന്റെ ആഭിമുഖ്യത്തിലുള്ള കഥകളി മേളയ്ക്ക് അയിരൂരിൽ പമ്പാ മണൽപ്പുറത്ത് തുടക്കം. എം. എ. കബീർ ഉദ്ഘാടനം ചെയ്തു. ജോൺസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. എസ്. അജിത് റാന്നി, ദിലീപ് അയിരൂർ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കായി മുദ്രാ പരിചയം നടന്നു. കലാമണ്ഡലം ഹരികൃഷ്ണൻ, കലാമണ്ഡലം അനന്ദു, ആർ. എൽ. വി. മഹാദേവൻ കലാമണ്ഡലം അജയ് എന്നിവർ പങ്കെടുത്തു. ഇന്നലെ രുക്മാംഗദ ചരിതം കഥകളി നടന്നു.

ഇന്നു മുതൽ അന്താരാഷ്ട്ര സെമിനാർ നടക്കും. ഇലന്തൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ് , പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, കോഴഞ്ചേരി സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലെ മലയാള വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് സെമിനാർ കേരള സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനംചെയ്യും. ശാസ്ത്രജ്ഞനും കലാനിരൂപകനും എഴുത്തുകാരനുമായ ഡോ. എതിരൻ കതിരവൻ ആമുഖ പ്രഭാഷണം നടത്തും. പ്രൊഫ. മാലൂർ മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.

കോട്ടയം കഥകളിലൊന്നായ കിർമ്മീരവധത്തിലെ ഉത്തരഭാഗമാണ് ഇന്നത്തെ കഥകളി.