മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്ന് എം.എം ഹസൻ
കോഴിക്കോട്: മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും എം.എം ഹസൻ പറഞ്ഞു. 'കെട്ടുപ്രായം കഴിഞ്ഞ പെൺകുട്ടിയോട് വിവാഹം വേണോ എന്ന് ചോദിക്കുന്നത് പോലെയാണ് രാഷ്ട്രീയക്കാരനോട് മത്സരിക്കുമോ എന്ന് ചോദിക്കുന്നത്. മുതിർന്നവർ മത്സരിക്കുന്നതിൽ തെറ്റില്ല. മുതിർന്നവരെയും യുവാക്കളെയും ഒരുപോലെ പരിഗണിക്കുമെന്നും ഹസൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
എം.പിമാർ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് നയപരമായ തീരുമാനമെടുക്കണം. എം.പിമാർക്കും മത്സരിക്കാൻ താത്പ്പര്യമുണ്ടാകും. അധിക സീറ്റ് വേണമെന്ന മുസ്ലിംലീഗിന്റെ ആവശ്യം ന്യായമാണ്. യു.ഡി.എഫിൽ ചർച്ച ചെയ്ത് വിഷയത്തിൽ തീരുമാനമെടുക്കും. കനഗോലുവിന്റെ റിപ്പോർട്ട് പാർട്ടിക്ക് സഹായകരമാണ്. അതിൽ തീരുമാനമെടുക്കേണ്ടത് പാർട്ടി ഹൈക്കമാൻഡ് ആണ്. വെളളാപ്പളളി നടേശൻ രാവിലെയും വൈകീട്ടും വ്യത്യസ്ത അഭിപ്രായം പറയുന്ന ആളാണ്. സി.പിഎമ്മാണ് അദ്ദേഹത്തെ കൊണ്ടുനടക്കുന്നത്. ഇക്കാര്യങ്ങളൊക്കെ ജനം വിലയിരുത്തട്ടെയെന്നും എം.എം ഹസൻ കൂട്ടിച്ചേർത്തു.