ക്രിക്കറ്റിൽ ക്രാന്തി തിളങ്ങി അച്ഛന് ജോലി തിരിച്ചുകിട്ടി

Tuesday 06 January 2026 11:53 PM IST

ഇൻഡോർ : മകൾ അംഗമായ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിന്റെ സന്തോഷത്തിനൊപ്പം 13 വർഷമായി സസ്പെൻഷനിലായിരുന്ന തന്നെ ജോലിയിലേക്ക് തിരിച്ചെടുത്തതിന്റെ ആശ്വാസവും ലഭിച്ച് മദ്ധ്യപ്രദേശിലെ പൊലീസ് കോൺസ്റ്റബിൾ മുന്നസിംഗ്. ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ പേസർ ക്രാന്തി ഗൗഡിന്റെ അച്ഛനാണ് മുന്ന സിംഗ്. 2012ൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മനപ്പൂർവ്വമല്ലാതെ സംഭവിച്ച ഒരു പിഴവിന് മുന്നയെ മേലുദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തിരുന്നു. നാളിതുവരെയായിട്ടും ആ സസ്പെൻഷൻ പിൻവലിച്ചിരുന്നില്ല. കൂലിപ്പണികൾ ചെയ്താണ് മുന്ന മകളെ വളർത്തിയത്.

താൻ വളർന്ന് വലിയ ക്രിക്കറ്റ് താരമായാൽ അച്ഛന്റെ കഷ്ടപ്പാടുകൾ മാറ്റുമെന്ന് ക്രാന്തി വാക്കുനൽകിയിരുന്നു. ലോകകപ്പ് ജേതാവായപ്പോൾ സർക്കാർ നൽകിയ അനുമോദനച്ചടങ്ങിൽ വച്ച് ക്രാന്തി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനോട് അച്ഛന്റെ ദീർഘകാലത്തെ സസ്പെൻഷന്റെ കാര്യം പറഞ്ഞു. ഇതോടെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മുന്നയുടെ സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിട്ടു.

വീടിനടുത്തുള്ള പൊടിനിറഞ്ഞ ഗ്രൗണ്ടിൽ ആൺകുട്ടികൾ കളിക്കുമ്പോൾ ഫീൽഡ് ചെയ്യാൻ മാത്രം അവസരം ലഭിച്ചിരുന്ന ക്രാന്തി തന്റെ കളി മികവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഇന്ത്യൻ ടീമിലേക്ക് വരെയെത്തിയത്. രാജീവ് ബിൽത്രേ എന്ന കോച്ചാണ് ക്രാന്തിയുടെ കഴിവ് കണ്ടെത്തി പരിശീലിപ്പിച്ചത്.കഴിഞ്ഞ വർഷം മേയിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. ലോകകപ്പിൽ ഒൻപത് വിക്കറ്റുകൾ നേടി. പാകിസ്ഥാനെതിരെയായിരുന്നു ഏറ്റവും മികച്ച പ്രകടനം.