വന്ദേഭാരത് സ്ലീപ്പർ: കേരളത്തിന് രണ്ടെണ്ണത്തിന് സാദ്ധ്യത

Wednesday 07 January 2026 1:21 AM IST

തിരുവനന്തപുരം: റെയിൽവേയുടെ പുത്തൻ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും ലഭിച്ചേക്കും. 17ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ സർവീസ് ഉദ്ഘാടനം ചെയ്യും. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് ബംഗാളിലെ കൊൽക്കത്തയിലേക്കുള്ള സർവീസാണിത്. ഇതിനുപിന്നാലെ കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും വന്ദേഭാരത് സ്ലീപ്പർ സർവീസ് അനുവദിക്കുമെന്നാണ് വിവരം. ഇക്കൊല്ലം 12 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം- ചെന്നൈ, തിരുവനന്തപുരം- ബംഗളൂരു​ റൂട്ടുകളിൽ സർവീസ് നടത്തുമെന്നാണ് വിവരം. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പറിൽ അത്യാധുനിക യാത്രാ സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

 നിരക്ക് കൂടുതൽ

തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് 775 രൂപയാണ് ചെയർകാർ വന്ദേഭാരതിലെ നിരക്ക്. സ്ളീപ്പറിൽ ഇത് ഇരട്ടിയിലും കൂടുതലായേക്കും. കിലോമീറ്ററിന് 20രൂപയിൽ കൂടുതൽ വർദ്ധിച്ചേക്കും.