ദേശീയ വിര വിമുക്ത ദിനാചരണം സംഘടിപ്പിച്ചു

Wednesday 07 January 2026 12:36 AM IST

മലപ്പുറം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദേശീയ വിര വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. മലപ്പുറം സെന്റ്. ജെമ്മാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ സബ് കളക്ടർ ദിലീപ് കൈനിക്കര വിദ്യാർത്ഥികൾക്ക് ആൽബന്റസോൾ ഗുളിക നൽകി നിർവഹിച്ചു. പരിപാടിയിൽ ഡി.എം.ഒ ഡോ. ടി.കെ. ജയന്തി അദ്ധ്യക്ഷത വഹിച്ചു. ദിനാചരണ സന്ദേശം ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ഷിബുലാൽ നൽകി.

ഒരു വയസ് മുതൽ 19 വയസ് വരെയുള്ള കുട്ടികൾക്കാണ് ആൽബന്റസോൾ ഗുളിക നൽകുന്നത്. വിളർച്ച, പോഷക കുറവ്, വിശപ്പില്ലായ്മ, ഛർദ്ദി, മലത്തിൽ കൂടി രക്തം പോകൽ എന്നിവയാണ് വിരബാധമൂലം കുട്ടികളിൽ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ. വിരശല്യം മൂലം കുട്ടികളിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനായാണ് ദേശീയ വിരവിമുക്തദിനം ആചരിക്കുന്നത്. വിരവിമുക്തദിനമായ ജനുവരി ആറിന് ആൽബന്റസോൾ ഗുളിക ലഭിക്കാത്തവർക്ക് മോപ്പപ്പ് ദിനമായ ജനുവരി 12ന്ഗുളിക നൽകും. ചടങ്ങിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ. പമീലി വിദ്യാർത്ഥികൾക്ക് വിരകളെ തോൽപ്പിക്കാം ആരോഗ്യം വീണ്ടെടുക്കാം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. സെന്റ് ജെമ്മാസ് ഹയർസെക്കന്ററി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജോയ്സി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡി.എസ്.ഒ ഡോ. സി. ഷുബിൻ, വാർഡ് കൗൺസിലർ ഷബാന മൻസൂർ, സെന്റ്.ജെമ്മാസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഷിജിമോൾ, എൻ.എസ്.എസ് ജില്ലാ കൺവീനർ കെ.എ.സുരേഷ്, ആരോഗ്യകേരളം ഐ.ഇ.സി കൺസൾട്ടന്റ് ഇ.ആർ. ദിവ്യ പങ്കെടുത്തു.