കേരള ചിക്കന് റെക്കാഡ് വില്പന, വിറ്റുവരവ് 1.27 കോടി രൂപ

Wednesday 07 January 2026 12:37 AM IST

കോഴിക്കോട്: മിതമായ വിലയിൽ ഗുണമേന്മയുള്ള ചിക്കൻ നൽകാൻ രൂപംകൊണ്ട കേരള ചിക്കന് പുതുവർഷത്തിൽ റെക്കാഡ് വിറ്റുവരവ്. പുതുവർഷത്തലേന്നും പുതുവത്സര ദിനത്തിലുമായി 1.27 കോടിയുടെ വിറ്റുവരവാണുണ്ടായത്. 97801.74 കിലോ ചിക്കൻ വിറ്റു. കഴിഞ്ഞ വർഷം ഇതേ സമയം 75 ലക്ഷമായിരുന്നു വിറ്റുവരവ്.

ചിക്കൻ ഉത്പാദനത്തിലും ഗണ്യമായ വർദ്ധനവുണ്ടായി. നേരത്തെ രണ്ടു ശതമാനമായിരുന്നത് 10 ശതമാനത്തിലേക്ക് കുതിച്ചു. കോഴിക്കോട് ജില്ലയിലാണ് കൂടുതൽ വില്പന. 18452 കിലോ വിറ്റതിലൂടെ 23,87067 രൂപ ലഭിച്ചു. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. 3769 കിലോ വില്പന നടന്ന കണ്ണൂരാണ് കുറവ്. 4,78,056 രൂപയുടെ വിറ്റുവരവാണ് ഇവിടെയുണ്ടായത്. സാധാരണ ദിവസങ്ങളിൽ ഹോട്ടലുകളിലേക്കും വീടുകളിലേക്കുമുൾപ്പെടെ ഒരു ദിവസം ശരാശരി 45000 കിലോ കോഴിയിറച്ചിയാണ് വില്പന നടത്താറുള്ളത്. സീസൺ അനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകാറുണ്ട്.

നിലവിൽ ഒൻപത് ജില്ലകളിലായി 156 വില്പനശാലകളും 13 ജില്ലകളിലായി 507 ഫാമുകളുമാണ് കേരള ചിക്കനുള്ളത്.വിപണി വിലയേക്കാൾ 20 മുതൽ 15 രൂപ വരെ കുറച്ചാണ് കേരള ചിക്കൻ വില്പന. പൊതുവിപണിയിൽ കോഴിയിറച്ചി കിലോയ്ക്ക് 240-260 വരെയാണ്. കേരള ചിക്കൻ 236-240 രൂപയ്ക്കാണ് വിൽക്കുന്നത്. 2017ലാണ് സർക്കാർ കുടുംബശ്രീ വഴി ‘കേരള ചിക്കൻ’ പദ്ധതി തുടങ്ങിയത്.