അനധികൃത മണലും ലോറിയും പിടികൂടി

Wednesday 07 January 2026 12:43 AM IST

ആലുവ: പെരിയാറിൽ നിന്ന് അനധികൃതമായി മണൽ കടത്തുന്ന സംഘത്തിന്റെ ആലുവയിലെ രഹസ്യ താവളത്തിൽ പൊലീസ് റെയ്ഡ് നടത്തി മണലും ലോറിയും കസ്റ്റഡിയിലെടുത്തു. വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് കടവിൽ നിന്നാണ് പാലക്കാട്ടേക്ക് കടത്താൻ ശ്രമിച്ച മണലും ലോറിയും പിടികൂടിയത്. ലോറിയിലുണ്ടായിരുന്നവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു.

റൂറൽ ജില്ലാ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെത്തുടർന്ന് റൂറൽ എസ്.പിയുടെ സ്പെഷ്യൽ സ്ക്വാഡാണ് തിങ്കളാഴ്ച്ച രാത്രി റെയ്ഡ് നടത്തിയത്. ഉളിയന്നൂർ ദ്വീപ് കേന്ദ്രീകരിച്ചാണ് മണൽ ലോബി പ്രവർത്തിച്ചിരുന്നത്. ഇവിടെ പൊലീസ് നിരീക്ഷണം തുടർന്നപ്പോഴാണ് താവളം മാറ്റിയത്. ഇതരസംസ്ഥാനക്കാരെ ഉപയോഗിച്ചാണ് വഞ്ചികളിൽ മണൽ വാരുന്നത്.