ലീഗിന്റെ കരുത്തുറ്റ നേതാവ് ഭരണ, രാഷ്ട്രീയ നിപുണൻ
കൊച്ചി: വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തുടങ്ങി എം.എൽ.എയും മന്ത്രിയുമായി തിളങ്ങിയ വി.കെ. ഇബ്രാഹിം കുഞ്ഞിനെ വീഴ്‌ത്തിയത് കൊച്ചി പാലാരിവട്ടം ഫ്‌ളൈ ഓവർ കേസാണ്. പാലത്തിന് ബലക്ഷയം സംഭവിച്ച കേസിൽ അഞ്ചാം പ്രതിയാക്കി അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ദീർഘനാളായി രോഗം മൂലം സജീവ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
നാലു തവണ എം.എൽ.എയും രണ്ടുതവണ മന്ത്രിയുമായിരുന്ന അദ്ദേഹം മദ്ധ്യകേരളത്തിൽ മുസ്ലീം ലീഗിന്റെ കരുത്തുറ്റ നേതാവ് കൂടിയായിരുന്നു. 2001ൽ മട്ടാഞ്ചേരിയിൽ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 12,183 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫ് സ്വതന്ത്രൻ എം.എ. തോമസിനെ കന്നി തിരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. 2006ൽ മട്ടാഞ്ചേരിയിൽ വീണ്ടും വിജയിച്ചു. 2011ൽ കളമശേരി മണ്ഡലം രൂപീകരിക്കപ്പെട്ടപ്പോൾ സി.ഐ.ടി.യു നേതാവ് കെ. ചന്ദ്രൻ പിള്ളയെയാണ് തോൽപ്പിച്ചത്. 2016ൽ മുൻ എം.എൽ.എ കൂടിയായ എ.എം. യൂസഫിനെ തോൽപ്പിച്ചു.
മുസ്ളീം ലീഗിന്റെ ഉന്നതാധികാര സമിതി അംഗവുമായിരുന്ന ഇബ്രാഹിംകുഞ്ഞ് ജനകീയ എം.എൽ.എയായിരുന്നു. മന്ത്രിയെന്ന നിലയിൽ 40 വർഷം പഴക്കമുള്ള പൊതുമരാമത്ത് മാന്വലിന്റെ പരിഷ്‌കരണം, ഇ- ടെൻഡർ, ഇ- പേയ്‌മെന്റ് എന്നിവ നടപ്പാക്കി. റോഡുകൾക്ക് മൂന്നുവർഷ ഗ്യാരന്റി ഉറപ്പാക്കുന്ന പദ്ധതി ആരംഭിച്ചു. 400 ദിവസങ്ങൾ കൊണ്ട് 100 പാലങ്ങൾ നിർമ്മിക്കുകയെന്ന ദൗത്യം ആരംഭിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്.
വീഴ്‌ത്തിയത് പാലാരിവട്ടം പാലം
2005ൽ വ്യവസായ മന്ത്രിയായ ഇബ്രാഹിംകുഞ്ഞ് മികച്ച പ്രകടനം കാഴ്‌ചവച്ചു. 2011ൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി. ദേശീയപാത ബൈപ്പാസിൽ പാലാരിവട്ടത്ത് ഫ്ളൈ ഓവർ നിർമ്മിക്കാൻ 2013ൽ തീരുമാനിച്ചതും കരാറുമാണ് ഇബ്രാഹിം കുഞ്ഞിനെ കേസിൽ പ്രതിയാക്കിയത്. നിർമ്മാണം പൂർത്തിയാക്കിയ പാലം ഒന്നാം പിണറായി സർക്കാരാണ് 2016 ഒക്ടോബറിൽ ഉദ്ഘാടനം ചെയ്‌തത്. 2017 ജൂലായിൽ പാലത്തിന് കേടുപാട് കണ്ടെത്തി. മദ്രാസ് ഐ.ഐ.ടി ബലക്ഷയം ഗുരുതരമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ വിജിലൻസ് കേസെടുത്തു. 2020 നവംബർ 18ന് വിജിലൻസ് അറസ്റ്റു ചെയ്‌തു. ക്യാൻസർ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിയിൽ നിന്നാണ് അറസ്റ്റു ചെയ്‌തത്. കരാർ കമ്പനിക്ക് മുൻകൂറായി 8.25 കോടി നൽകാൻ ഉത്തരവിട്ടത് അദ്ദേഹമായിരുന്നു. നിയമവിരുദ്ധമായ ഉത്തരവ് അഴിമതിയാണെന്ന് വിലയിരുത്തിയാണ് വിജിലൻസ് പ്രതിയാക്കിയത്.