തിരഞ്ഞെടുപ്പ് റിപ്പോർട്ടിനിടെ സി.പി.എം കൊല്ലം മേയർ സ്ഥാനാർത്ഥി ഇറങ്ങിപ്പോയി

Wednesday 07 January 2026 12:49 AM IST

കൊല്ലം: സംസ്ഥാന കമ്മിറ്റിയുടെ തദ്ദേശ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേർന്ന സി.പി.എം കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് കൊല്ലം കോർപ്പറേഷനിലെ മേയർ സ്ഥാനാർത്ഥിയായിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.അനിരുദ്ധൻ ഇറങ്ങിപ്പോയി. പൊതുസമ്മതനായ ആളെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയില്ലെന്ന റിപ്പോർട്ടിലെ പരാമർശമാണ് അനിരുദ്ധനെ ചൊടിപ്പിച്ചത്.

താൻ സാംബശിവന്റെ കഥാപ്രസംഗം കേട്ട് സി.പി.എമ്മായതാണെന്നും ചുരുക്കം കാലം മാത്രമാണ് പാർലമെന്ററി രംഗത്ത് പ്രവർത്തിച്ചിട്ടുള്ളതെന്നും ഇറങ്ങിപ്പോകുന്നതിന് മുമ്പ് വി.കെ.അനിരുദ്ധൻ പറഞ്ഞു. 35 വർഷം മുമ്പ് ശക്തികുളങ്ങര പഞ്ചായത്ത് പ്രസിഡന്റായതാണ്. അതിന് ശേഷം പൂർണമായും പാർട്ടി പ്രവർത്തനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. അഞ്ച് മിനിറ്റോളം തന്റെ പാർട്ടി പാരമ്പര്യം വിശദീകരിച്ച ശേഷം കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.നേതാക്കളാരും അദ്ദേഹത്തെ വിളിക്കാനും തയ്യാറായില്ല. കമ്മിറ്റിക്ക് ശേഷം നേതാക്കൾ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫായിരുന്നു.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനാണ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചത്. അദ്ദേഹം മേയർ സ്ഥാനാർത്ഥിയുടെ കാര്യം പറഞ്ഞപ്പോൾ ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും വി.കെ.അനിരുദ്ധൻ വൈകാരികമായി സംസാരിക്കുയായിരുന്നു.

മുൻ തിര‌ഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി.കെ.അനിരുദ്ധന് പുറമേ രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളും ഒരു മുൻ മേയറും സി.പി.എം സ്ഥാനാർത്ഥികളായി കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ഇവരെല്ലാം പരാജയപ്പെട്ടു. ഇവരിൽ ആരെയും സി.പി.എം മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയിരുന്നില്ല. കൊല്ലം കോർപ്പറേഷനിലെ സ്ഥാനാർത്ഥി നിർണയം പാളിയെന്നും തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.