പത്​മകുമാർ തെറ്റ്​ ചെയ്തിട്ടു​​ണ്ടെങ്കിൽ അംഗീകരിക്കില്ല: കെ.കെ.ഷൈലജ

Wednesday 07 January 2026 1:05 AM IST

ആലപ്പുഴ: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വംബോർഡ്​ മുൻ പ്രസിഡന്റ്​ എ.പത്​മകുമാർ തെറ്റ്​ ചെയ്തിട്ടു​​ണ്ടെങ്കിൽ അംഗീകരിക്കില്ലെന്ന്​​ സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.കെ.ഷൈലജ. ആലപ്പുഴ ഫോമിൽ കൺവെൻഷൻ സെന്ററിൽ ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാസമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അവർ.

ശബരിമലയിൽ സ്ത്രീകളെ കയറ്റണമെന്ന് ഞങ്ങൾക്ക് ഒരു വാശിയുമില്ല. ക്ഷേത്രങ്ങളിൽ സമ്പത്തുണ്ട്. ക്ഷേത്രവിശ്വാസികളിൽ ചിലർ അത് മോഷ്ടിക്കുന്നു. ദൈവത്തോട് ഭക്തിയുള്ളവർ ദൈവത്തിന്റെ സ്വർണം മോഷ്ടിക്കുമോ? ആരൊക്കെ അറിഞ്ഞാണ് അത്​ ചെയ്തതെന്ന്​ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. യഥാർത്ഥ പ്രതി ആരാണെന്ന് മനസ്സിലാക്കുമ്പോഴാണ് ശിക്ഷിക്കാൻ പറ്റുക. ഒരുതരി സ്വർണം ശബരിമലയിൽനിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത്​ തിരിച്ചുപിടിക്കാൻ ഏതറ്റംവരെയും പോകുമെന്ന്​ ഭക്തർക്ക് കൊടുത്ത വാക്കാണ്. കേരളത്തിന്റെ മാറ്റത്തിൽ യു.ഡി.എഫിന് ഒരു പങ്കുമില്ല. നുണ പറയുന്ന കാര്യത്തിൽ ബി.ജെ.പിയുടെ ഏട്ടനാണ്​. കോൺഗ്രസ് വോട്ട് നേടാൻ നുണ പറയുകയാണ്​. ലക്ഷ്യ ക്യാമ്പിൽ അരയക്ഷരം നരേന്ദ്രമോദിയെക്കുറിച്ച്​ പറഞ്ഞില്ല.