തൃശൂരിൽ അഞ്ചുവയസുകാരനായ മകനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

Wednesday 07 January 2026 10:03 AM IST

തൃശൂർ: അമ്മയെയും കുഞ്ഞിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ അടാട്ട് അമ്പലക്കാവിലാണ് സംഭവം. ശിൽപ (30), അക്ഷയ് ജിത്ത് (അഞ്ച്) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനുശേഷം ശിൽപ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഈ സമയം ശിൽപയുടെ ഭർത്താവ് മോഹിത്തും അമ്മയും വീട്ടിലുണ്ടായിരുന്നു. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. പനിയായതിനാൽ രണ്ടുദിവസമായി മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ ശിൽപ വാതിൽ തുറക്കാത്തതിനാൽ മോഹിത്തിന്റെ അമ്മ വിവരമറിയിച്ചതിനെത്തുടർന്ന് നാട്ടുകാരെത്തി ജനലിന്റെ ഗ്ളാസുതകർത്ത് പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണിൽ റെക്കാഡ് ചെയ്തുവച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. സാമ്പത്തികമായി കുടുംബത്തിന് പ്രശ്‌നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. ശിൽപ പിഎസ്‌സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്.