ഇനി ഒരുതരി പൊന്ന് വാങ്ങാൻ നൂറുവട്ടം ചിന്തിക്കണം; ദിവസം കഴിയുംതോറും വിലയിൽ വൻകുതിപ്പ്

Wednesday 07 January 2026 10:12 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് പവന് 480 രൂപ കൂടി 102,280 രൂപയും ഗ്രാമിന് 60 രൂപ കൂടി 12,785 രൂപയുമായി. ഇന്നലെ പവന് 101,800 രൂപയും ഗ്രാമിന് 12,725 രൂപയുമായിരുന്നു. കഴിഞ്ഞ അഞ്ചുദിവസം കൊണ്ട് പവന് 2,680 രൂപയുടെ വർദ്ധനവാണ് സംഭവിച്ചത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. ഈ മാസത്തെ ഇതുവരെയുള്ള ഏ​റ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് ജനുവരി ഒന്നിനായിരുന്നു. അന്ന് പവന് 99,040 രൂപയും ഗ്രാമിന് 12,380 രൂപയുമായിരുന്നു.

വെനസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശത്തിന് ശേഷം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറിയിരിക്കുകയാണ്. ആഗോള ഫണ്ടുകളും കേന്ദ്ര ബാങ്കുകളും ഇതോടെ വൻതോതിൽ സ്വർണം വാങ്ങികൂട്ടി. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 100 ഡോളർ ഉയർന്ന് 4,430 ഡോളർ വരെ എത്തിയിരുന്നു. അടുത്ത ഘട്ടത്തിൽ ഗ്രീൻലാൻഡ്, ക്യൂബ, മെക്‌സികോ, കൊളംമ്പിയ എന്നിവയെയും ആക്രമിക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയാണ് സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമാക്കുന്നത്. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവ് ശക്തമായതാണ് ഇന്ത്യയിൽ സ്വർണം, വെള്ളിവില വർദ്ധനയുടെ തോത് ഉയർത്തിയത്.

അതേസമയം,​ സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് വൻ വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ഗ്രാമിന് 283 രൂപയും കിലോഗ്രാമിന് 2,​83,​000 രൂപയുമാണ്. ഇന്നലെ ഗ്രാമിന് 271 രൂപയായിരുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയിൽ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.