വെള്ളാപ്പള്ളി നടേശനുവേണ്ടി രക്തത്താൽ പ്രതിജ്ഞ; തിലകം ചാർത്തി എസ്‌എൻഡിപി വനിതാ പ്രവർത്തകർ

Wednesday 07 January 2026 10:28 AM IST

ആലപ്പുഴ: എസ്‌എൻ‌ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുവേണ്ടി രക്തതിലകം ചാർത്തി പ്രതിജ്ഞ ചെയ്ത് വനിതാ പ്രവർത്തകർ. എസ്‌എൻ‌ഡിപി മാന്നാർ യൂണിയൻ വനിതാ സംഘമാണ് വെള്ളാപ്പള്ളിക്ക് വ്യത്യസ്ത രീതിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിരലിൽ നിന്ന് രക്തംപൊടിച്ച് തിലകം ചാർത്തുകയായിരുന്നു.

രക്തത്താൽ പേപ്പറിൽ വിരലടയാളം പതിപ്പിച്ച് വെള്ളാപ്പള്ളിക്ക് അയച്ചുനൽകി. ഇതിനിടെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ കോലം കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു. വെള്ളാപ്പള്ളിക്കെതിരായ പരാമർശങ്ങളെത്തുടർന്നാണ് ഐക്യദാർഢ്യ പ്രഖ്യാപനം.

എസ്‌എൻഡിപി യോഗം യൂത്ത് മൂവ്‌മെന്റും കഴിഞ്ഞദിവസം വെള്ളാപ്പള്ളിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. യൂത്ത് മൂവ്‌മെന്റ് കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറയിലാണ് പരിപാടി നടന്നത്. പരിപാടിക്കിടെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂരിന്റെ കോലത്തിൽ കരി ഓയിലൊഴിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു. ഹാരിസിന്റെ കോലവും കത്തിച്ചു. വെള്ളാപ്പള്ളിയുടെ മുഖത്ത് കരി ഓയിൽ ഒഴിക്കുന്നവർക്ക് ഹാരിസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.